കയ്യൊഴിയില്ല, സർക്കാർ ചേർത്തുനിർത്തും: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള ധനസഹായം തുടരും

ദിനം പ്രതി 300 രൂപ എന്ന നിലയ്ക്കാണ് മാസം 9000 രൂപ നല്‍കിയിരുന്നത്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള സർക്കാർ ധനസഹായ വിതരണം തുടരും. പ്രതിമാസം നല്‍കി വരുന്ന 9000 രൂപ സഹായം വരും മാസങ്ങളിലും തുടരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നത് വരെ ധനസഹായം തുടരുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കായിരുന്നു സര്‍ക്കാര്‍ 9,000 രൂപ ധനസഹായം നല്‍കിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം ദുരിതബാധിതരുടെ ആവശ്യത്തിന് പിന്നാലെ ഡിസംബര്‍ വരെ നീട്ടിയിരുന്നു.

സാമ്പത്തിക സഹായം ലഭിക്കില്ലെന്ന് ബോധപൂർവമായ പ്രചരണം നടന്നെന്ന് മന്ത്രി കെ രാജൻ ചൂണ്ടിക്കാണിച്ചു. ഡിസംബർ വരെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത‍ർക്ക് ധനസഹായമായ 9000 രൂപ നൽകി. ഡിസംബർ വരെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ധനസഹായം നീട്ടിക്കൊണ്ടുള്ള ഉത്തരവ് ഈ മാസം തന്നെ‌ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. ഈ ഇനത്തിൽ മാത്രം 15 കോടി രൂപയിലധികം അക്കൗണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അനാവശ്യമായ ആശങ്കകൾ വേണ്ടെന്നും കെ രാജൻ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു കുറവും വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു. വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഒരു തടസ്സവും ഇല്ലെന്ന് വ്യക്തമാക്കിയ കെ രാജൻ കച്ചവടക്കാർക്ക് പണം ലഭിച്ചില്ല എന്ന ആശങ്കയും പ്രചരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു.

പലര്‍ക്കും ഇപ്പോഴും വരുമാന മാർഗ്ഗം ഇല്ലാത്തതിനാല്‍ ധനസഹായം നീട്ടണം എന്ന ആവശ്യ ദുരന്തബാധിതർക്കിടയില്‍ നിന്നും ശക്തമായിരുന്നു. ദിനം പ്രതി 300 രൂപ എന്ന നിലയ്ക്കാണ് മാസം 9000 രൂപ നല്‍കിയിരുന്നത്. മാതൃകാപരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്.

അതേസമയം, മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ഫെബ്രുവരിയോടെ ആദ്യഘട്ടം പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ ടൗൺഷിപ്പ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ടൗൺഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലാണ് നിർമാണമെന്നും ജനുവരി ആദ്യം നടത്തിയ വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

207 വീടുകളുടെ വാർപ്പ് പൂർത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. ബാക്കി വീടുകളുടെ പണികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്. 'ബിൽഡ് ബാക്ക് ബെറ്റർ'എന്ന തത്വം ഉൾക്കൊണ്ട് ഓരോ ദുരന്തബാധിതനും കൂടുതൽ മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുന്നതിനായുള്ള സമഗ്ര പുനരധിവാസമാണ് ടൗൺഷിപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content highlights: Revenue Minister K Rajan has stated that the Rs 9,000 financial assistance will continue for those affected by the Mundakai and Chooralmala landslides

To advertise here,contact us