തൃശൂര്: മനുഷ്യമാംസം കൊത്തിവലിക്കുന്ന കഴുകനെ ബലാത്സംഗ കേസിലെ പ്രതിയായ രാഹുല് മാങ്കൂത്തില് എംഎല്എയുമായി താരതമ്യം ചെയ്ത് ഏകാഭിനയ മത്സരാർത്ഥി. കൂട്ടിലടച്ചാലും കഴുകന് കഴുകനാണെന്ന് ഓര്മ വേണം കേരളമേ.. എന്ന് ശ്രീവിന്യ രാഹുലിനെതിരെ ആഞ്ഞടിച്ചു. പല സമൂഹിക രാഷ്ട്രീയ വിഷയങ്ങളെ പശ്ചാത്തലമാക്കി കലാസൃഷ്ടികള് ഉയരുന്ന വേദിയാണ് കലോത്സവത്തിന്റേത്. അതില് ചിലത് നെഞ്ചില് തറയ്ക്കും. അത്തരത്തില് കാഴ്ച്ചക്കാരന്റെ മനസില് തീകോരിയിട്ട പ്രകടനമായിരുന്നു ഏകാഭിനയത്തില് എം സി ശ്രീവിന്യയുടേത്.
തെറ്റ് ചെയ്തവര് ആരായാലും അതിനെ തെറ്റായി കാണണമെന്ന് പറഞ്ഞ് തുടങ്ങിയ ഏകാഭിനയം പുരോഗമിക്കുമ്പോള് രാഹുലിനെതിരെ രൂക്ഷ വിമര്ശനത്തിന്റെ ഭാഷ തന്നെയായിരുന്നു ശ്രീവിന്യ ഉപയോഗിച്ചത്. കഴുകന് അമ്മ നല്ല ഉപദേശങ്ങള് നല്കിയിട്ടും കഴുകന് അതിന്റെ തനി സ്വഭാവം കാണിക്കുകയാണ്. ഉയരത്തില് പറക്കുന്ന കഴുകന്റെ പതനത്തിന്റെ ആഴത്തിന് വലിയ തൊഴ്ച്ചയുണ്ടാകും. സമൂഹം കൂട്ടിലടച്ചാലും കഴുകന് എന്നും കഴുകന് തന്നെയാണെന്നും ശ്രീവിന്യ ഓര്മ്മിപ്പിച്ചു.
കണ്ണൂര് ചേലോറ എച്ച്എസ്എസിലെ പ്ലസ് വണ് വിദ്യാര്ത്ഥിയാണ് ഏകാഭിനയത്തില് എ ഗ്രേഡ് കരസ്ഥമാക്കിയ ശ്രീവിന്യ. സ്കൂള് അധികൃതര് വിദ്യാര്ത്ഥിക്ക് ഹിജാബ് നിഷേധിച്ച് വിഷയം അവതരിപ്പിച്ചായിരുന്നു ശ്രീവിന്യ ജില്ലാ കലോത്സവത്തില് തിളങ്ങിയത്. കലോത്സവം ആരംഭിക്കുന്നതിന് കുറച്ച് മുന്പ് രാഹുല് മാങ്കൂട്ടത്തില് വിഷയം കാലിക പ്രസക്തമാണെന്ന് മനസിലാക്കി. അതിനാല് ആ വിഷയം പെട്ടെന്ന് തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ശ്രീവിന്യ പറഞ്ഞു.
Content Highlight; 'Like an eagle that eats human flesh'; Contestant lashes out at Rahul Mamkootathil in Kalotsavam