കോട്ടയം: കേരള കോണ്ഗ്രസ് എം മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്ച്ച നടന്നിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്. മുതിര്ന്ന കോണ്ഗ്രസ് നേതാവ് സോണിയാ ഗാന്ധി തന്നെ വിളിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന് പറഞ്ഞു. പാര്ട്ടി നിലപാട് ചെയര്മാന് പറഞ്ഞിട്ടുണ്ടെന്നും മണിക്കൂര് തോറും മാറ്റിപ്പറയുന്ന സ്വഭാവം പാര്ട്ടിക്കില്ലെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
'പാര്ട്ടി ചെയര്മാന് വ്യക്തമാക്കിയതില് അപ്പുറം എനിക്കൊന്നും പറയാനില്ല. ഒരു ആശയക്കുഴപ്പവും ഇല്ല. യാതൊരു തരത്തിലുമുള്ള സമ്മര്ദവും പാര്ട്ടിക്കില്ല. പാര്ട്ടി ചെയര്മാന്റെ കീഴിലാണ് ഞാന് നില്ക്കുന്നത്. ഞങ്ങളുടെ നിലപാടില് മാറ്റമില്ല. ഞങ്ങള് ആരും ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. കെ എം മാണി പഠിപ്പിച്ച വഴിയേ യാത്ര ചെയ്യുന്നവരാണ് ഞങ്ങള്', റോഷി അഗസ്റ്റിന് പറഞ്ഞു.
മറ്റുള്ളവര് ഫേസ്ബുക്കില് പോസ്റ്റിടാത്തത് വ്യത്യസ്ത അഭിപ്രായമുള്ളത് കൊണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ഡിഎഫിന്റെ സമരത്തില് കേരള കോണ്ഗ്രസ് എമ്മിന്റെ അഞ്ച് പേരും പങ്കെടുത്തെന്നും റോഷി അഗസ്റ്റിന് വ്യക്തമാക്കി. കേരള കോണ്ഗ്രസ് എമ്മിന്റെ മുന്നില് യുഡിഎഫ് വാതില് അടച്ചില്ല എന്നത് എത്രയോ നല്ല മനം മാറ്റമാണെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
കേരള കോണ്ഗ്രസ് എം എല്ഡിഎഫിന്റെ അഭിവാജ്യഘകടകമാണെന്ന് ഫ്രാന്സിസ് കളത്തുങ്കല് എംഎല്എയും പ്രതികരിച്ചു. 'ഏതെങ്കിലും ഒരു സമയത്ത് ഞങ്ങള് എവിടെയെങ്കിലും മുന്നണി മാറ്റമുണ്ടെന്നോ, അതിന് ആഗ്രഹിക്കുന്നുണ്ടോയെന്നോ ഒരു രഹസ്യ സംഭാഷണത്തില് എങ്കിലും പറഞ്ഞതായി തെളിവുണ്ടെങ്കില് കൊണ്ടു വാ. ഈ കഥകള്ക്ക് യാതൊരു അടിസ്ഥാനവുമില്ല', റോഷി അഗസ്റ്റിന് പറഞ്ഞു.
Content Highlights: Roshy Augustine about Kerala Congress M alliance change controversy