അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ ബാബുവിന് കോടതിയുടെ സമൻസ്

2007 മുതൽ 2016 വരെയുള്ള കാലയളവിൽ കെ ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് സമൻസ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്. ഇന്ന് കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ കെ ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് സമൻസ്.

ബാബുവിന്റെ 25 ലക്ഷത്തിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നേരത്തെ കണ്ടുകെട്ടുകയും കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. പിഎംഎൽഎ കോടതിയിലാണ് ഇ ഡി കുറ്റപത്രം സമർപ്പിച്ചത്. 2007 ജൂലൈ ഒന്നുമുതൽ 2016 ജനുവരി 25 വരെയുള്ള കാലഘട്ടത്തിൽ കെ ബാബു വരുമാനത്തിൽ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് കേസിനെ തുടർന്നാണ് ഇ ഡി നടപടികൾ ആരംഭിച്ചത്.

2016ൽ ബാബുവിനെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡിയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. കേസെടുത്തതിന് പിന്നാലെ 2020 ജനുവരിയിൽ ബാബുവിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. നിയമവിരുദ്ധമായി നേടിയ പണം കെ ബാബു സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്റെ ഭാഗമാക്കി എന്നായിരുന്നു ഇ ഡിയുടെ ആരോപണം.

Content Highlights:‌ In the illegal asset acquisition case, the court has issued a summons to Thrippunithura MLA K Babu

To advertise here,contact us