രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസ്; അതിജീവിതയുടെ രഹസ്യമൊഴി എടുക്കാന്‍ എസ്‌ഐടി

ഇന്നലെ എസ്പി ജി പൂങ്കുഴലി അതിജീവിതയുമായി ഫോണില്‍ സംസാരിച്ചിരുന്നു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി എടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം. കോടതിയില്‍ ഉള്‍പ്പെടെ അതിജീവിതയിടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. നിലവില്‍ വിദേശത്തുള്ള അതിജീവിതയുടെ മൊഴി ഇന്ത്യന്‍ എംബസി വഴിയോ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയോ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും. ഇന്നലെ എസ്പി ജി പൂങ്കുഴലി അതിജീവിതയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ചത് ഈ യുവതി നല്‍കിയ പരാതിയായിരുന്നു. രാഹുലില്‍ നിന്നേറ്റ കടുത്ത പീഡനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു യുവതി പൊലീസിന് പരാതി നല്‍കിയത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം നടത്തിയെന്നും അതിജീവിത നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും യുവതി പറഞ്ഞിരുന്നു. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

രാഹുലിന്റേത് ക്രൂരമായ ലൈംഗിക വൈകൃതമാണെന്നും യുവതി ചൂണ്ടിക്കാട്ടിയിരുന്നു. രാഹുല്‍ മുഖത്തടിക്കുകയും തുപ്പുകയും ചെയ്തു. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. ഗര്‍ഭിണിയായ ശേഷം അത് മറ്റാരുടെയെങ്കിലും ഗര്‍ഭമായിരിക്കുമെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയാണ് ചെയ്തത്. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടെങ്കില്‍ രാഹുല്‍ അതിന് തയ്യാറായില്ലെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു

യുവതി നല്‍കിയ പരാതിയില്‍ അതിവിദഗ്ധമായായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി പത്ത് അര്‍ദ്ധരാത്രി പാലക്കാട്ടെ കെപിഎം റീജന്‍സിയിലെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ പൊലീസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുക്കുകയും തിരുവല്ലയിലെ എ ആര്‍ ക്യാമ്പില്‍ എത്തിക്കുകയുമായിരുന്നു. എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ രാഹുല്‍ തള്ളിയിരുന്നു. എന്നാല്‍ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ രാഹുല്‍ പരുങ്ങി. തുടര്‍ന്ന് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് രാഹുല്‍. തിരുവല്ലയിലെ ക്ലബ്ബ് സെവന്‍ ഹോട്ടലില്‍ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ക്ലബ് 7 ഹോട്ടലില്‍ വന്ന കാര്യം രാഹുല്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Content Highlights- SIT will take secret statement of survivor of rahul mamkootathil via video conferencing

To advertise here,contact us