429 കോടി: ശബരിമലയില്‍ വരുമാന വർധനവ്; അപ്പം, അരവണ ഇനങ്ങളിൽനിന്ന് 190 കോടി; മകരവിളക്ക് ഇന്ന്

കാണിക്കയായി ഇത്തവണ ലഭിച്ചത് 110 കോടി രൂപ, നാണയങ്ങളുടെ എണ്ണൽ പുരോഗമിക്കുന്നു

പത്തനംതിട്ട: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ 429 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 380 കോടിയായിരുന്നു വരുമാനം. ജനുവരി 12വരെയുള്ള കണക്കാണിത്. റെക്കോർഡ് വരുമാനമാണിതെന്ന് ജയകുമാർ പറഞ്ഞു.

അപ്പം, അരവണ ഇനങ്ങളിൽനിന്ന് 190 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഈ ഇനങ്ങളിൽ നിന്നായി 160 കോടി രൂപയായിരുന്നു ലഭിച്ച വരുമാനം. കാണിക്കയായി ഇത്തവണ 110 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 105 കോടിയായിരുന്നു. കാണിക്കയായടക്കം ലഭിച്ച നാണയങ്ങൾ എണ്ണുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ഈ മാസം 20ന് മുമ്പായി നാണയം എണ്ണൽ പൂർത്തിയാക്കുമെന്നും ജയകുമാർ പറഞ്ഞു.

51 ലക്ഷം തീർത്ഥാടകരാണ് തിങ്കളാഴ്ചവരെ ദർശനത്തിനായി ശബരിമലയിൽ എത്തിയത്. 44 ലക്ഷം പേർ മണ്ഡലകാലത്തും ഏഴ് ലക്ഷം തീർത്ഥാടകർ മകരവിളക്ക് ഉത്സവത്തിനുമാണ് എത്തിയത്.

അതേസമയം ഇന്ന് നടക്കുന്ന മകരവിളക്ക് ദർശനത്തിനും മകരസംക്രമ പൂജയ്ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്. തീർത്ഥാടകർക്ക് സുരക്ഷിതമായി മകരവിളക്ക് ദർശിക്കാനും തിരികെ മടങ്ങാനുമുള്ള സൗകര്യങ്ങൾ സജ്ജമാണ്. ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് സ്‌പെഷ്യലിസ്റ്റുകൾ ഉൾപ്പെടെയുള്ള അമ്പതോളം ഡോക്ടർമാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഒരുക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, നിലയ്ക്കൽ ആശുപത്രികളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

മകരവിളക്ക് വ്യൂ പോയിന്റുകളിൽ ആംബുലൻസും മെഡിക്കൽ സംഘവും സേവനത്തിനുണ്ടാകും. മകരവിളക്ക് ദർശിച്ച് മടങ്ങുന്നവർക്ക് സുഗമമായ യാത്രക്കായി ആയിരം കെഎസ്ആർടിസി ബസുകൾ ഒരുക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം 35000 പേർക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. കനത്ത പൊലീസ് സുരക്ഷാ വിന്യാസവും ശബരിമലയിൽ ഒരുക്കിയിട്ടുണ്ട്.

വൈകീട്ട് 6.20ന് തിരുവാഭരണ വാഹക സംഘത്തെ ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, അംഗങ്ങളായ പി ഡി സന്തോഷ് കുമാർ, കെ രാജു തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. 6.40നാണ് ദീപാരാധന.

Content Highlights : Sabarimala Makaravilakku Sabarimala received a revenue of Rs 429 crore

To advertise here,contact us