'രാജേന്ദ്രൻ്റെ BJP പ്രവേശനം പ്രശ്‌നമല്ല; ഐഷാ പോറ്റി കോൺഗ്രസില്‍ എത്തിയതാണ് പ്രശ്‌നം'; CPIMനെതിരെ ഷിബു ബേബി ജോൺ

'സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നതില്‍ അവര്‍ക്കാര്‍ക്കും വിരോധമില്ലെന്നും കോണ്‍ഗ്രസില്‍ ചേരുന്നതിന് മാത്രമാണ് പ്രശ്‌നമെന്നുമല്ലേ ഇതില്‍ നിന്ന് മനസിലാക്കാന്‍?'

കൊല്ലം: കോണ്‍ഗ്രസില്‍ ചേർന്ന കൊട്ടാരക്കര മുന്‍എംഎല്‍എ ഐഷാ പോറ്റിക്കെതിരെ വിമർശനം ഉയർത്തി സിപിഐഎം നേതാക്കള്‍ക്കെതിരെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് പ്രശ്‌നം എന്നാല്‍ സിപിഐഎം നേതാവ് എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുന്നതില്‍ പ്രശ്‌നമില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നതില്‍ അവര്‍ക്കാര്‍ക്കും വിരോധമില്ലെന്നും കോണ്‍ഗ്രസില്‍ ചേരുന്നതിന് മാത്രമാണ് പ്രശ്‌നമെന്നുമല്ലേ ഇതില്‍ നിന്ന് മനസിലാക്കാനാകുന്നതെന്നും ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ബിജെപിയോട് മൃദു സമീപനമുള്ള സിപിഐഎമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസാണ് എന്നതിന്റെ തെളിവുകള്‍ ഇനിയും ഒട്ടനവധിയുണ്ട്. ബെംഗളൂരുവില്‍ കുടിയൊഴിപ്പിക്കല്‍ നടന്നപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ധാര്‍മികരോഷം കൊണ്ട് തിളച്ചത് നമ്മള്‍ കണ്ടു. എ എ റഹീമും മറ്റ് സിപിഐഎമ്മുകാരും ബെംഗളൂരുവിലേക്ക് പറന്നെത്തി പ്രതിഷേധം നയിച്ചു. എന്നാല്‍ ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റില്‍ അര്‍ദ്ധരാത്രിയില്‍ നിരാലംബരായ മനുഷ്യരെ കുടിയിറക്കി വിട്ടിട്ട് ഒരാഴ്ച്ചയായി. സിപിഐഎമ്മിന് അത് കാണുകയും വേണ്ട, അവിടേക്ക് പോവുകയും വേണ്ടെന്നും ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചു.

ഡല്‍ഹി ഭരിക്കുന്നത് ആരാണെന്ന് നമുക്കറിയാം. കര്‍ണാടക ഭരിക്കുന്നത് ആരാണെന്നും. അല്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ കൈകോര്‍ത്തിരിക്കുന്ന സഖ്യകക്ഷിയെ പിണക്കാന്‍ സിപിഐഎമ്മിന് കഴിയില്ലല്ലോ. അത് സ്വാഭാവികമാണെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

രാഷ്ട്രീയത്തിലെ മാന്യതയുടെ മുഖം ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തിയപ്പോള്‍ സൈബര്‍ സ്‌പേസില്‍ വലിയ കോലാഹലങ്ങളാണ്. അവരെ അവഹേളിച്ചു കൊണ്ടും വിമര്‍ശിച്ചു കൊണ്ടും സിപിഎം ഹാന്‍ഡിലുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ കൊണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ നിറയുന്നു. എന്നാല്‍, രണ്ടുദിവസം മുമ്പ് സിപിഎമ്മിന്റെ മറ്റൊരു മുന്‍ എംഎല്‍എയായിരുന്ന എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചിരുന്നു. ഒരു സിപിഎമ്മുകാരനെയും പ്രതിഷേധങ്ങളുമായി കണ്ടില്ല. സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് പോകുന്നതില്‍ അവര്‍ക്കാര്‍ക്കും വിരോധമില്ലെന്നും കോണ്‍ഗ്രസില്‍ ചേരുന്നതിന് മാത്രമാണ് പ്രശ്‌നമെന്നുമല്ലേ ഇതില്‍ നിന്നും മനസ്സിലാക്കാന്‍?

ബിജെപിയോട് മൃദു സമീപനമുള്ള സിപിഎമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസാണ് എന്നതിന്റെ തെളിവുകള്‍ ഇനിയും ഒട്ടനവധിയുണ്ട്. ബാംഗ്ലൂരില്‍ കുടിയൊഴിപ്പിക്കല്‍ നടന്നപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ധാര്‍മികരോഷം കൊണ്ട് തിളച്ചത് നമ്മള്‍ കണ്ടു. എഎ റഹീമും മറ്റു സിപിഎമ്മുകാരും ബാംഗ്ലൂരിലേക്ക് പറന്നെത്തി പ്രതിഷേധം നയിച്ചു. എന്നാല്‍ ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റില്‍ അര്‍ദ്ധരാത്രിയില്‍ നിരാലംബരായ മനുഷ്യരെ കുടിയിറക്കി വിട്ടിട്ട് ഒരാഴ്ച്ചയായി. സിപിഎമ്മിന് അത് കാണുകയും വേണ്ട, അവിടേക്ക് പോവുകയും വേണ്ട.

ഡല്‍ഹി ഭരിക്കുന്നത് ആരാണെന്ന് നമുക്കറിയാം. കര്‍ണാടക ഭരിക്കുന്നത് ആരാണെന്നും. അല്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ കൈകോര്‍ത്തിരിക്കുന്ന സഖ്യകക്ഷിയെ പിണക്കാന്‍ സിപിഎമ്മിന് കഴിയില്ലല്ലോ.

സ്വാഭാവികം

Content Highlights- RSP leader shibu baby john slam cpim over cyber attack against aisha potty after she joined Congress

To advertise here,contact us