സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം; കലയെയും കലാകാരന്മാരെയും മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്ന് മുഖ്യമന്ത്രി

ക്രിസ്മസ് കരോളിനുനേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ച് പരാമർശിച്ച് മുഖ്യമന്ത്രി

തൃശ്ശൂർ: 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കലയെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിത അനുഭവങ്ങളിലേക്കുള്ള ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കഥകളി സംഗീതജ്ഞൻ ഹൈദരാലിക്കുണ്ടായ അനുഭവങ്ങൾ വേദിയിൽ എടുത്തു പറഞ്ഞ മുഖ്യമന്ത്രി, ഓരോ കാലത്തും മികച്ച കലാകാരന്മാർ ആയിട്ടും ജാതീയത വിലക്കിയ കലാകാരന്മാർ ഉണ്ടായിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചു. കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം. തന്‍റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ചത് പി ഭാസ്‌കരനും ക്രൈസ്തവ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചത് വയലാറുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളുടെ ക്രിസ്മസ് കരോളിനുനേരെയുണ്ടായ ആക്രമണങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. ചിലയിടങ്ങളിൽ ക്രിസ്മസ് കരോളിന് നേരെ പോലും ആക്രമണം നടത്തുന്നത് കണ്ടു. ചിലയിടത്ത് അവധി എടുത്തു കളഞ്ഞു. സിനിമയിൽ കഥാപാത്രങ്ങൾക്ക് സീത, ജാനകി എന്നെല്ലാം പേരിടുന്നത് പോലും പ്രശ്‌നമായെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

കലയെ മതത്തിന്റെ കണ്ണിയിൽ ഒതുക്കാൻ ശ്രമിക്കുന്നവർ ഇക്കാലത്ത് ഉണ്ട്. ഇത്തരം തിട്ടൂരങ്ങൾ കാറ്റിൽ പറത്തി ജാതിയും മതവും നോക്കാതെ കലകൾ അവതരിപ്പിക്കണം. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയുന്ന കലയെ, ഉയർത്തിപ്പിടിക്കാൻ സാധിക്കണം. മനുഷ്യനെ തമ്മിൽ അടിപ്പിക്കുന്ന ആശയങ്ങളെ തള്ളണം. മനുഷ്യനെ ഒന്നിപ്പിക്കുന്ന കലയെ ചേർത്ത് പിടിക്കണം. ഒരു മത്സരവും ഒരാളുടെയും കഴിവിന്റെ ആത്യന്തികമായ കാര്യമല്ല. ഒരാൾക്ക് മികച്ചത് മറ്റൊരാൾക്ക് അങ്ങനെ ആകണം എന്നില്ല. കലോത്സവത്തിൽ സമ്മാനം ലഭിക്കാത്തവരും പിൻകാലത്ത് മികച്ച കലാകാരൻമാരായിട്ടുണ്ട്. ജൂറിയുടെ തീർപ്പിനെ അങ്ങനെ കാണണം. അപകടമായി ഏതെങ്കിലും തെറ്റ് കണ്ടാൽ അപ്പീൽ പോകാനുള്ള അവസരം കുട്ടികൾക്കുണ്ട്. നല്ല മനുഷ്യരാക്കുക എന്നതാണ് കലയുടെ ധർമ്മമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലോത്സവ വേദികൾക്ക് നൽകിയത് പൂക്കളുടെ പേരുകളാണെന്നും ഒരേ പൂന്തോട്ടത്തിലെ പൂക്കൾ ആണ് ഇവിടെ എത്തുന്ന കുട്ടികളെന്നും മന്ത്രി കെ രാജൻ പറഞ്ഞു. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ മറ്റൊന്നിന്റെയും വേർതിരിവുകൾ ഇവിടെ ഇല്ലെന്നും കെ രാജൻ പറഞ്ഞു. പരിപാടിയിൽ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു കെ രാജൻ. തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ആർ ബിന്ദു, കെ കൃഷ്ണൻകുട്ടി എന്നിവരും സന്നിഹിതരായി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വേദിയിലെത്തി. യുവനടി റിയ ഷിബു ചടങ്ങിന്റെ ഭാഗമായി.

ഇന്നു മുതൽ 18 വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ 15000ത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കും. 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരം നടക്കുക.

Content Highlights : kerala state school kalolsavam inaugurated; cm pinarayi vijayan says Art should not be viewed through religious eyes

To advertise here,contact us