മുഖത്തടിച്ചു, തുപ്പി, ദേഹത്ത് മുറിവുകൾ ഉണ്ടാക്കി: രാഹുലിൻ്റേത് ക്രൂരമായ ലൈംഗിക വൈകൃതമെന്ന് അതിജീവിതയുടെ മൊഴി

അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കുമെന്നും യുവതി പൊലീസിന് മൊഴി നൽകി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയ്ക്കെതിരെ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണം. രാഹുൽ യുവതിയെ ക്രൂരമായ ലൈം​ഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്നാണ് അതിജീവിതയുടെ മൊഴി. ശരീരത്തിൽ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കുമെന്നും യുവതി പൊലീസിന് മൊഴി നൽകി.

ബന്ധം വേർപെടാതിരിക്കാൻ കുഞ്ഞ് വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടുവെന്നും അതിജീവിത മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മറ്റാരുടെയെങ്കിലും ഗർഭമായിരിക്കുമെന്ന് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപിച്ചു. അങ്ങനെയല്ലെന്ന് തെളിയിക്കാൻ ഭ്രൂണത്തിൻ്റെ ഡിഎൻഎ പരിശോധന നടത്താൻ ആവശ്യപ്പെട്ടെങ്കിലും രാഹുൽ തയ്യാറായില്ല. ഡിഎൻഎ സാമ്പിൾ എടുക്കാൻ മെഡിക്കൽ ഏജൻസി സമീപിച്ചെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ സാമ്പിൾ നൽകാൻ തയ്യാറായില്ലെന്നാണ് അതിജീവിത മൊഴി നൽകിയിരിക്കുന്നത്.

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രാഹുൽ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയിൽ പറയുന്നു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാൽ വിവാഹം വളരെ വേഗത്തിൽ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. നേരിൽ കാണാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിർദേശിച്ച് റൂം ബുക്ക് ചെയ്യാൻ യുവതിയോട് ആവശ്യപ്പെട്ടു. റൂമിൽ എത്തിയ രാഹുൽ സംസാരിക്കാൻ പോലും നിൽക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നുമാണ് യുവതിയുടെ മൊഴി.

മൂന്നാമത്തെ ബലാത്സം​ഗക്കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയെ അർദ്ധരാത്രി പാലക്കാട് നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പാലക്കാട് നഗരത്തിലെ ഹോട്ടലിൽ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ എടുത്തത്. വനിത പൊലീസ് ഉൾപ്പെടേയുള്ള സംഘം രാഹുൽ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർക്കൊപ്പം മുറിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എംഎൽഎയെ കസ്റ്റഡിയിലെടുത്ത്. പുതിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ നടപടി. ലൈംഗിക പീഡനം, ഗർഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനതിരെ കേസ് എടുത്തിരിക്കുന്നത്.

പൊലീസ് കസ്റ്റഡിയിൽ എടുത്ത രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2ൽ ഹാജരാക്കും.

Content Highlights: Rahul Mamkootathil Slapped Survivor on Face, Spat, Inflicted Body Injuries: Survivor's Shocking Statement on Cruel Sexual Perversion

To advertise here,contact us