തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരെ പരാതി നല്കിയ അതിജീവിത തനിക്കെതിരെ നല്കിയ പരാതിയില് പ്രതികരണവുമായി രാഹുല് ഈശ്വര്. വ്യാജ പരാതിയാണ് തനിക്കെതിരെ നല്കിയിരിക്കുന്നതെന്നും അവര്ക്കെതിരെ നടപടി എടുക്കണമെന്നും രാഹുല് ഈശ്വർ ആവശ്യപ്പെട്ടു. ഒരു കാര്യവുമില്ലാതെയാണ് 16 ദിവസത്തോളം തന്നെ ജയിലിലിട്ടതെന്നും അവരുടെ ഭര്ത്താവ് നല്കിയ പരാതിയില് നിന്നും ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ അതിജീവിത പരാതി നല്കിയിരിക്കുന്നതെന്നും രാഹുല് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു രാഹുലിന്റെ പ്രതികരണം.
'എനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ച അതിജീവിതയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐജി പൂങ്കുഴലി, മുഖ്യമന്ത്രിയുടെ ഓഫീസ്, ഡിജിപി, സൈബര് സെല് എന്നിവര്ക്ക് ഇമെയില് വഴി പരാതി നല്കി. 16 ദിവസത്തോളാണ് എന്നെ ഒരു കാര്യവുമില്ലാതെ ജയിലിലിട്ടത്. അതിജീവിതയുടെ ഫോട്ടോ ഇട്ടുവെന്നും പരാതിക്കാരിയുടെ ഐഡന്റിറ്റി റിവീല് ചെയ്തുവെന്നും പറഞ്ഞായിരുന്നു അറസ്റ്റ്. അവര് വീണ്ടും എനിക്കെതിരെ പരാതി നല്കിയിരിക്കുകയാണ്. അവരുടെ ഭര്ത്താവ് നല്കിയ പരാതിയില് നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. അവരുടെ ഭര്ത്താവ് രാഹുല് മാങ്കൂട്ടത്തിലിനെക്കുറിച്ച് പരാതി കൊടുത്തപ്പോള് ഈ സ്ത്രീയെക്കുറിച്ചും പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു. അതില് നിന്ന് ശ്രദ്ധ തിരിക്കാനും തനിക്ക് ഭര്ത്താവുണ്ട് എന്ന് ലോകത്തെ അറിയിച്ചതിലുളള പ്രതികാരം എന്നോട് തീര്ക്കുകയാണ്': രാഹുല് ഈശ്വര് പറഞ്ഞു.
താൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ ഭർത്താവ് പോലും തന്നോട് മാപ്പുപറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനേക്കാൾ താൻ പരാതിക്കാരിയുടെ ഭർത്താവിനെയാണ് പിന്തുണയ്ക്കുന്നതെന്നും രാഹുലിനെതിരെ പരാതി നൽകിയ യുവതി വ്യാജ അതിജീവിതയാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. തന്നെ 16 ദിവസം ജയിലിലിട്ടതിന് എന്തെങ്കിലും ന്യായമുണ്ടോ എന്നും രാഹുൽ ഈശ്വർ ചോദിച്ചു.
താന് ചെയ്ത വീഡിയോയുടെ ട്രാന്സ്ക്രിപ്റ്റ് പൊലീസിന് നല്കുമെന്നും വീഡിയോ ഭര്ത്താവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണെന്നും രാഹുല് ഈശ്വര് പറഞ്ഞു. വരുന്നതെല്ലാം കളളപ്പരാതികളാണെന്നും തനിക്ക് അനുകൂലമായി വരുന്ന വീഡിയോകള്ക്ക് ലൈക്ക് പോലും ചെയ്യാറില്ലെന്നും രാഹുല് കൂട്ടിച്ചേര്ത്തു. രാഹുല് ഈശ്വറിനെതിരെ രാഹുല് മാങ്കൂട്ടത്തില് കേസിലെ അതിജീവിത ഇന്നലെ പരാതി നൽകിയിരുന്നു. രാഹുല് ഈശ്വര് സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
Content Highlights: rahul easwar says jailed sixteen days for nothing urges action against survivor