ശശി തരൂർ വിലപ്പെട്ട നേതാവ്, ചില പ്രസ്താവനകൾ ശ്രദ്ധിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്: കെ സി വേണുഗോപാൽ

ശശി തരൂര്‍ പാര്‍ട്ടി ലൈനില്‍ നില്‍ക്കുന്നതില്‍ സന്തോഷമെന്നും കെ സി വേണുഗോപാല്‍

കല്‍പ്പറ്റ: ശശി തരൂര്‍ കോണ്‍ഗ്രസിന്റെ വിലപ്പെട്ട നേതാവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. തരൂരിനെ ഉപയോഗിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ചില പ്രസ്താവനകള്‍ ശ്രദ്ധിക്കണമെന്ന് തരൂരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ശശി തരൂര്‍ പാര്‍ട്ടി ലൈനില്‍ നില്‍ക്കുന്നതില്‍ സന്തോഷമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

ജനുവരിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ലക്ഷ്യം. അതിനായി സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങള്‍ ഉടന്‍ കേരളത്തിലെത്തും. സുനില്‍ കനഗോലു കോണ്‍ഗ്രസിന്റെ ഭാഗമാണ്. കനഗോലുവിന്റെ സേവനങ്ങള്‍ പാര്‍ട്ടി പരമാവധി പ്രയോജനപ്പെടുത്തും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ശക്തമായ സമരമുണ്ടാകും. വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് ദേവസ്വം ഏല്‍പ്പിച്ച് നല്‍കി. അതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. സങ്കല്‍പ്പിക്കാനാവാത്ത കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight; KC Venugopal described Shashi Tharoor as a valuable leader and said guidance was given to him to be cautious about certain statements

To advertise here,contact us