യുവതിയെ ഗർഭിണിയാക്കിയതും ഗർഭചിദ്രം നടത്തിയതും തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു;രാഹുലിനെതിരെ അതിജീവിതയുടെ ഭർത്താവ്

യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതോടെ തന്റെ ഐഡന്റിറ്റി കൂടി വെളിപ്പെട്ടെന്നും പരാതിയുമായി മുന്നോട്ട് തന്നെയെന്നും ഭര്‍ത്താവ്

തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പ്രതികരണവുമായി ലൈംഗികാതിക്രമ കേസിലെ അതിജീവിതയുടെ ഭര്‍ത്താവ്. രാഹുല്‍ കുടുംബജീവിതം തകര്‍ത്തെന്ന് അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു. മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും തന്റെ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചെന്നും അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു.

'എനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. രാഹുല്‍ കുറ്റം ചെയ്തിട്ടുണ്ട്. ഒരു എംഎല്‍എ കുടുംബ പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ രണ്ട് കക്ഷിയെയും വിളിക്കണം. എന്നെ ഇതുവരെ രാഹുല്‍ വിളിച്ചിട്ടില്ല. കേരളത്തിലെ ഒരു എംഎല്‍എ കുടുംബം തകര്‍ക്കുകയാണ് ചെയ്തത്', ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. യുവതിയെ ഗര്‍ഭിണിയാക്കിയതും ഗര്‍ഭചിദ്രം നടത്തിയതും തന്റെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമം നടന്നെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതോടെ തന്റെ ഐഡന്റിറ്റി കൂടി വെളിപ്പെട്ടെന്നും പരാതിയുമായി മുന്നോട്ട് തന്നെയെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.

രാഹുലിനെതിരെ യുവതിയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ കുടുംബജീവിതം തകര്‍ത്തെന്നും യഥാര്‍ത്ഥ ഇര താനാണെന്നുമാണ് പരാതിക്കാരന്റെ ആരോപണം. യുവതി വിവാഹിതയാണെന്ന് അറിഞ്ഞിട്ടും പ്രതിയുടെ ലൈംഗിക താല്‍പര്യം കൊണ്ടും ലൈംഗിക വൈകൃതവും കൊണ്ടാണ് ഇത്തരത്തിലൊരു തെറ്റ് നടന്നത്. മനഃപ്പൂര്‍വ്വം തന്റെ കുടുംബ ജീവിതം തകര്‍ക്കാനാണ് അയാള്‍ ശ്രമിച്ചത്.

അച്ഛനും അമ്മയുടെയും ഏക മകനായതിനാല്‍ അവരുടെ കാര്യങ്ങള്‍ നോക്കാനായി പാലക്കാട്ടേക്ക് വരികയും താമസിക്കുകയും ചെയ്യേണ്ടിവന്നിരുന്നു. തങ്ങള്‍ക്കിടയിലുണ്ടായ ചെറിയ സൗന്ദര്യപിണക്കങ്ങളെ പ്രതി മുതലെടുക്കുകയായിരുന്നു. രാഹുലിന്റെ വാദങ്ങളെല്ലാം തെറ്റാണെന്നും പരാതിക്കാരന്‍ പറയുന്നു.

തനിക്കും കുടുംബത്തിനുമുണ്ടായ അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാനും ഇനി ആരും ഇത് ആവര്‍ത്തിക്കാതിരിക്കാനും തനിക്കുണ്ടായ മാനനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും യുവതിക്കുണ്ടായ മോശം അനുഭവത്തിന്മേലും പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 84 പ്രകാരം കുറ്റം ചെയ്തതിന് തെളിവുള്ളതിനാലും നിയമനടപടി സ്വീകരിച്ച് മുന്നോട്ടുപോകണമെന്നും പരാതിക്കാരന്‍ പറയുന്നുണ്ട്. യുവതി നല്‍കിയ ലൈംഗികപീഡന പരാതിയിലും മറ്റൊരു യുവതി നല്‍കിയ ബലാത്സംഗ പരാതിയിലും രാഹുല്‍ മാങ്കൂട്ടത്തിലിന് നേരത്തേ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

Content Highlights: surviver 's husband against Rahul Mamkootathil MLA

To advertise here,contact us