പത്തനംതിട്ട: പത്തനംതിട്ടയില് പുതുവര്ഷത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടിക്കിടെ ഡിജെ കലാകാരന്റെ ലാപ്ടോപ് പൊലീസ് തകര്ത്ത സംഭവത്തില് നടപടി സ്വീകരിക്കാന് നിര്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയോടാണ് നടപടി കൈക്കൊള്ളാന് മുഖ്യമന്ത്രി നിര്ദേശിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര് സംഭവത്തില് അന്വേഷണം പ്രഖ്യാപിച്ചു.
വീഴ്ചയുണ്ടായിട്ടുണ്ടെങ്കില് പരിശോധിക്കുമെന്ന് ഡിജിപി പറഞ്ഞു. എന്താണ് നടന്നതെന്ന് പരിശോധിക്കും. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം പുതുവത്സര പരിപാടികള് നടന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന് പൊലീസ് ശ്രമിച്ചിട്ടുണ്ട്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില് പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
ഡിജെ അഭിറാം സുന്ദറിനായിരുന്നു പൊലീസില് നിന്ന് ദുരനുഭവം ഉണ്ടായത്. പൊലീസ് ലാപ്ടോപ് ചവിട്ടി താഴെയിടുന്ന ദൃശ്യം അഭിറാം തന്നെ ഫേസ്ബുക്കില് പങ്കുവെച്ചിരുന്നു. ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്ടോപാണ് പൊലീസ് തകര്ത്തതെന്ന് അഭിറാം പറഞ്ഞിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് ലാപ്ടോപ് വാങ്ങി. അതില് ഒരുപാട് ഫയലുകള് ഉണ്ടായിരുന്നു. തന്നെപ്പോലെയുള്ള ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏറെ വിഷമമുണ്ടാക്കിയ സംഭവമാണിതെന്നും അഭിറാം പറഞ്ഞിരുന്നു. ഡിജെ കലാകാരന് നേരിട്ട ദുരനുഭവം ചര്ച്ചയായതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി വിഷയത്തില് ഇടപെട്ടത്.
Content Highlights- CM Pinarayi vijayan direct adgp to investigate police attack against dj Abhiram Sundar