തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷതെരഞ്ഞെടുപ്പില് കൂറുമാറിയവരെ കാത്തിരിക്കുന്നത് വലിയ നടപടി. ഈ അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കാം. നിയമസഭയിലും പാര്ലമെന്റിലും കൂറുമാറുന്നത് പോലെയല്ല തദ്ദേശസ്ഥാപനങ്ങളില് കൂറുമാറുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റം തടയാന് കര്ശനവ്യവസ്ഥകള് നിയമത്തിലുണ്ട്.
കഴിഞ്ഞ അഞ്ച് വര്ഷത്തിനിടയില് 77 പേരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തില് അയോഗ്യരാക്കിയത്. പരാതി പരിഗണിച്ച് വാദം കേട്ടായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഭരണഘടനയുടെ പത്താം ഷെഡ്യൂള്പ്രകാരമാണ് നിയമസഭയിലെയും പാര്ലമെന്റിലെയും കൂറുമാറ്റം വിലയിരുത്തുന്നതെങ്കില് 1999ലെ കേരള ലോക്കല് അതോറിറ്റീസ് (പ്രൊഹിബിഷന് ഓഫ് ഡിഫക്ഷന്) ആക്ട് അനുസരിച്ചാണ് തദ്ദേശസ്ഥാപനത്തിലെ കൂറുമാറ്റത്തില് വിധി പറയുന്നത്.
തദ്ദേശസ്ഥാപനത്തിലെ ഒരംഗത്തിനോ ബന്ധപ്പെട്ട രാഷ്ട്രീയപാര്ട്ടിക്കോ പാര്ട്ടി ചുമതലപ്പെടുത്തുന്നയാള്ക്കോ തെരഞ്ഞെടുപ്പ് കമ്മീഷനില് പരാതി നല്കാവുന്നതാണ്. കൂറുമാറ്റം തെളിഞ്ഞാല് അയോഗ്യനാകുന്നയാള്ക്ക് അടുത്ത ആറുവര്ഷം ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ലെന്നതാണ് ശിക്ഷ. അതായത് അടുത്ത രണ്ട് തവണത്തെ തെരഞ്ഞെടുപ്പില് ഇവര്ക്ക് മത്സരിക്കാനാവില്ല.
മൂന്ന് തരത്തിലാണ് നിയമത്തില് കൂറുമാറ്റത്തെ നിര്വചിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപന അധ്യക്ഷന്-ഉപാധ്യക്ഷന്-സ്റ്റാന്ഡിങ് കമ്മിറ്റി അധ്യക്ഷന് എന്നീ തെരഞ്ഞെടുപ്പുകളിലും ഭരണസമിതി യോഗങ്ങളിലും പാര്ട്ടി രേഖാമൂലം നല്കുന്ന നിര്ദേശം ലംഘിക്കുന്നത്, മുന്നണിയുടെ പിന്തുണയോടെ വിജയിക്കുന്ന സ്വതന്ത്രന് മറ്റ് ഏതെങ്കിലും പാര്ട്ടിയില് ചേരുകയോ മുന്നണിയുടെ ഭാഗമാകുകയോ മുന്നണി നല്കുന്ന നിര്ദേശങ്ങള് ലംഘിക്കുകയോ ചെയ്യുന്നത്, മുന്നണിയുടെ ഭാഗമല്ലാത്ത സ്വതന്ത്രന് മറ്റുപാര്ട്ടികളിലോ മുന്നണികളിലോ ചേരുന്നത് എന്നിവയാണ് കൂറുമാറ്റത്തില് ഉള്പ്പെടുന്നത്.
Content Highlights: Local body members who defected party awaits disqualification