തിരുവനന്തപുരം: മറ്റത്തൂര് പഞ്ചായത്തില് കോണ്ഗ്രസ് പ്രവര്ത്തകര് കൂറുമാറി ബിജെപി ഭരണം പിടിച്ച വിഷയത്തില് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. എളുപ്പത്തില് ലയിക്കാവുന്ന ഘടനയാണ് കോണ്ഗ്രസിനും ബിജെപിക്കും ഇപ്പോഴുമുള്ളതെന്ന് സ്വരാജ് പറഞ്ഞു. പണ്ട് ഹിന്ദുമഹാസഭയിലും കോണ്ഗ്രസിലും, ആര്എസ്എസിലും കോണ്ഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും പ്രവര്ത്തിക്കാനും തടസമില്ലെന്ന തീരുമാനം കോണ്ഗ്രസ് എടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'കുറച്ചു നാള് മുമ്പ് അരുണാചല് പ്രദേശിലെ കോണ്ഗ്രസ് ഒന്നടങ്കം ബിജെപിയില് ലയിച്ചു. അവിടെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പേമാ ഖണ്ടു മുഴുവന് കോണ്ഗ്രസ് എംഎല്എമാരെയും ഒപ്പം കൂട്ടിയാണ് ബിജെപിയില് ലയിച്ചത്. അദ്ദേഹം ഇപ്പോള് ബിജെപി മുഖ്യമന്ത്രിയായി നാടുഭരിക്കുന്നു. ഇപ്പോഴിതാ ഇവിടെ കേരളത്തില് ഒരു പഞ്ചായത്തിലെ കോണ്ഗ്രസ് പൂര്ണമായും ബിജെപിയില് ലയിച്ച വാര്ത്തയാണ് പുറത്തുവരുന്നത്. തൃശ്ശൂരിലെ മറ്റത്തൂര് ഗ്രാമപഞ്ചായത്തിലാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്താന് കോണ്ഗ്രസ് ബിജെപിയില് ലയിച്ചത്', സ്വരാജ് പറഞ്ഞു.
മറ്റത്തൂരില് നിന്നും പുറത്തുവരുന്നത് അനായാസേനയുള്ള ലയന വാര്ത്തയാണെങ്കില് കോട്ടയം കുമരകത്ത് ലയിക്കാതെ തന്നെ കോണ്ഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തിലാണ്. അവിടെ കൈപ്പത്തിയില് താമരയേന്തിയാണ് ഇടതുപക്ഷത്തിന് എതിരെ ഭരണത്തിലേറിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇതേസമയത്ത് ദിഗ് വിജയ് സിംഗ് മോദിയെ പ്രശംസിക്കുകയും നെഹ്റുവിനെ പരോക്ഷമായി പരിഹസിക്കുകയും ആര്എസ്എസിനെ കണ്ടു പഠിക്കണമെന്ന ഉപദേശവും നല്കിയതായ വാര്ത്ത വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ആര്എസ്എസ് ശാഖയ്ക്ക് കാവല് നിന്ന മുന് കെപിസിസി പ്രസിഡന്റും ഗോള്വാള്ക്കര് ജന്മശതാബ്ദി ഉദ്ഘാടനം ചെയ്ത ആര്എസ്എസിന്റെ ഇഷ്ടക്കാരനായ പ്രതിപക്ഷ നേതാവും രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് തളികയില് വച്ച് ബിജെപിക്ക് ദാനം ചെയ്ത അഖിലേന്ത്യാ സെക്രട്ടറിയും നേതൃത്വം കൊടുക്കുന്ന കോണ്ഗ്രസ്സില് അനായാസേനയുള്ള ഇത്തരം ലയനങ്ങള് നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ബിജെപി അധികാരത്തിലെത്താന് ബിജെപി തന്നെ ജയിക്കണമെന്നില്ല. അതിന് കോണ്ഗ്രസ് ജയിച്ചാലും മതിയെന്ന് മറ്റത്തൂര് മുതല് കുമരകം വരെ തെളിയിക്കുന്നു', സ്വരാജ് പറഞ്ഞു.
മറ്റത്തൂരില് ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം യുഡിഎഫ് വിമതപക്ഷം നേടുകയായിരുന്നു. എട്ട് കോണ്ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കലിനെ പഞ്ചായത്ത് പ്രസിഡന്റായി പിന്തുണക്കുകയായിരുന്നു. കോണ്ഗ്രസ് നിലപാടില് പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തില് നിന്നും വിജയിച്ച എട്ട് കോണ്ഗ്രസ് വാര്ഡ് അംഗങ്ങള് പാര്ട്ടിയില് നിന്നും രാജിവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
അനായാസേന ലയനം…
പണ്ട് ഹിന്ദുമഹാസഭയിലും കോണ്ഗ്രസിലും ഒരേ സമയം അംഗത്വമെടുത്ത് പ്രവര്ത്തിക്കാമായിരുന്നു. ആര്എസ്എസിലും കോണ്ഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും പ്രവര്ത്തിക്കാനും തടസമില്ലെന്ന തീരുമാനവും ഒരിക്കല് കോണ്ഗ്രസ് എടുത്തിട്ടുണ്ട്. ഇത്തരമൊരു അടിത്തറ ശക്തമായി നിലനില്ക്കുന്നത് കൊണ്ടാവാം എളുപ്പത്തില് ലയിക്കാവുന്ന ഘടനയാണ് കോണ്ഗ്രസിനും ബിജെപിക്കും ഇപ്പോഴുമുള്ളത്.
കുറച്ചുനാള് മുമ്പ് അരുണാചല് പ്രദേശിലെ കോണ്ഗ്രസ് ഒന്നടങ്കം ബിജെപിയില് ലയിച്ചു. അവിടെ മുഖ്യമന്ത്രിയായിരുന്ന ശ്രീ പേമാ ഖണ്ടു മുഴുവന് കോണ്ഗ്രസ് എംഎല്എമാരെയും ഒപ്പം കൂട്ടിയാണ് ബിജെപിയില് ലയിച്ചത്. അദ്ദേഹം ഇപ്പോള് ബിജെപി മുഖ്യമന്ത്രിയായി നാടുഭരിക്കുന്നു.ഇപ്പോഴിതാ ഇവിടെ കേരളത്തില് ഒരു പഞ്ചായത്തിലെ കോണ്ഗ്രസ് പൂര്ണമായും ബിജെപിയില് ലയിച്ച വാര്ത്തയാണ് പുറത്തുവരുന്നത്.
തൃശ്ശൂരിലെ മറ്റത്തൂര് ഗ്രാമപഞ്ചായത്തിലാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്താന് കോണ്ഗ്രസ് ബിജെപിയില് ലയിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള് കോണ്ഗ്രസിന് എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളുമാണ് അവിടെ ഉണ്ടായിരുന്നത്. പത്ത് അംഗങ്ങളുള്ള ഇടതുപക്ഷത്തെ തോല്പ്പിക്കാന് എട്ട് കോണ്ഗ്രസ് അംഗങ്ങളും കോണ്ഗ്രസില് നിന്ന് രാജിവച്ച് ബിജെപിയില് ലയിച്ചുവത്രേ!
മറ്റത്തൂരില് നിന്നും പുറത്തുവരുന്നത് അനായാസേനയുള്ള ലയന വാര്ത്തയാണെങ്കില് കോട്ടയം കുമരകത്ത് ലയിക്കാതെ തന്നെ കോണ്ഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തിലാണ്. അവിടെ കൈപ്പത്തിയില് താമരയേന്തിയാണ് ഇടതുപക്ഷത്തിന് എതിരെ ഭരണത്തിലേറിയത്.ഇതേ ദിവസം തന്നെയാണ് കോണ്ഗ്രസ് പ്രവര്ത്തക സമിതിയംഗം ശ്രീ. ദിഗ് വിജയ് സിംഗ് മോദിയെ പ്രശംസിക്കുകയും നെഹ്റുവിനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തതായി വാര്ത്ത വരുന്നത്.
ആര്എസ്എസിനെ കണ്ടുപഠിക്കണമെന്ന ഉപദേശവും അദ്ദേഹം നല്കിയിട്ടുണ്ട്. ആര്എസ്എസ് ശാഖയ്ക്ക് കാവല് നിന്ന മുന് കെപിസിസി പ്രസിഡന്റും ഗോള്വാള്ക്കര് ജന്മശതാബ്ദി ഉദ്ഘാടനം ചെയ്ത ആര്എസ്എസിന്റെ ഇഷ്ടക്കാരനായ പ്രതിപക്ഷ നേതാവും രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് തളികയില് വച്ച് ബിജെപിക്ക് ദാനം ചെയ്ത അഖിലേന്ത്യാ സെക്രട്ടറിയും നേതൃത്വം കൊടുക്കുന്ന കോണ്ഗ്രസ്സില് അനായാസേനയുള്ള ഇത്തരം ലയനങ്ങള് നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
ബിജെപി അധികാരത്തിലെത്താന് ബിജെപി തന്നെ ജയിക്കണമെന്നില്ല. അതിന് കോണ്ഗ്രസ് ജയിച്ചാലും മതിയെന്ന് മറ്റത്തൂര് മുതല് കുമരകം വരെ തെളിയിക്കുന്നു.
Content Highlights: M Swaraj against Congress on Mattatthoor issue