മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴ്ന്നു: ഷിബു ബേബി ജോണ്‍

എന്‍ സുബ്രഹ്‌മണ്യത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

കൊല്ലം: മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴ്ന്നുവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ പുറത്തുവിട്ട ചിത്രം കയ്യില്‍ കിട്ടിയിട്ട് രണ്ടുമാസമായി. പോറ്റി സോണിയാ ഗാന്ധിയെ കണ്ടതില്‍ മുഖ്യമന്ത്രിക്ക് സംശയം തോന്നിയെങ്കില്‍ ഒന്നാംപ്രതിയും അന്ന് മന്ത്രിയായിരുന്ന കടകംപള്ളിയും പൊലീസും എന്ത് ചര്‍ച്ച ചെയ്തു എന്നതും അന്വേഷിക്കണം. ചിത്രത്തിലുള്ള മൂന്നുപേരും എന്തിനാണ്, എവിടെയാണ് ഒത്തുകൂടിയത് എന്നത് വ്യക്തമാക്കണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.

പൊതുപ്രവര്‍ത്തകരെ ആരെങ്കിലും വന്ന് കാണുന്നത് തെറ്റല്ല. ആരുടെയും സ്വഭാവം അന്വേഷിച്ചിട്ടല്ല അപ്പോയിന്റ്‌മെന്റ് കൊടുക്കുന്നത്. പഞ്ചായത്ത് മെമ്പര്‍മാര്‍ പോലും രണ്ട് ആംബുലന്‍സ് ഉണ്ടെങ്കിലേ ഉദ്ഘാടനത്തില്‍ പങ്കെടുക്കൂ. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഒരു ആംബുലന്‍സ് ആണ് കൈമാറിയത്. ആരാണ് മുഖ്യമന്ത്രിയെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും ഇക്കാര്യങ്ങളില്‍ അദ്ദേഹം വ്യക്തത വരുത്തണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥനും മന്ത്രിയുമെല്ലാം ഇരുന്ന് ചര്‍ച്ച നടത്തുന്നത് അസ്വാഭാവികതയാണ്. ഒന്നാംപ്രതിയും പൊലീസ് ഉദ്യോഗസ്ഥനും മന്ത്രിയും ഒത്തുകൂടിയത് എന്തിനാണെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേയെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചിരുന്നു.

പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയിൽ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാനും കഴിയില്ലയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പോറ്റിക്കൊപ്പം നിൽക്കുന്ന മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വർണ്ണം പമ്പ കടന്നുപോയതെന്നും എന്നിട്ടും മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതിൽ യാതൊരു ദുരൂഹതയും തോന്നാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു. കൂടെ ഇരിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.

Content Highlights: Shibu Baby John against pinarayi vijayan

To advertise here,contact us