ഉത്തരേന്ത്യയിൽ ജനം നേരിടുന്നത് യേശു നേരിട്ടതിനേക്കാൾ വലിയ സഹനമെന്ന് കോൺഗ്രസ് കൗൺസിലർ; മറുപടി നൽകി സുരേഷ് ഗോപി

ഉത്തരേന്ത്യയിൽ ആരാണ് ഈ നാടകമൊക്കെ കാട്ടിക്കൂട്ടുന്നതെന്നും അതെന്തിന് വേണ്ടിയാണെന്നും കൗൺസിലറുടെ പാർട്ടിക്കാരോട് തന്നെ ചോദിച്ചാൽ പറയുമെന്ന് സുരേഷ് ഗോപി

തൃശൂർ: ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി കോൺഗ്രസ് കൗൺസിലറുടെ വിമർശനം. പിന്നാലെ കൗൺസിലർക്ക് വേദിയിൽ തന്നെ മറുപടി നൽകി സുരേഷ് ഗോപിയും രംഗത്തെത്തി. തൃശൂരിലെ റസിഡന്‍റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലായിരുന്നു വിമർശനവും മറുപടിയും.

ക്രൈസ്തവർക്കെതിരായ ആക്രമങ്ങളാണ് ഉത്തരേന്ത്യയിൽ നടക്കുന്നതെന്നായിരുന്നു കൗൺസിലറായ കോൺഗ്രസ് നേതാവ് ബൈജു വർഗീസ് പരാമർശിച്ചത്. നമ്മൾ ഇവിടെ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഉത്തരേന്ത്യൻ ജനങ്ങൾ ക്രിസ്തുവിനെക്കാൾ വലിയ സഹനമാണ് അനുഭവിക്കുന്നത്. ഒരുപാട് സഹോദരിമാരും സഹോദരന്മാരും ബുദ്ധിമുട്ടുന്ന വാർത്ത നമ്മൾ കേൾക്കുന്നു. സത്യത്തിൽ ക്രിസ്തുവാണ് ഏറ്റവും വലിയ സഹനവും പ്രയാസവും നേരിട്ടതെന്നാണ് നമ്മൾ മനസിലാക്കിയിരിക്കുന്നത്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പാവപ്പെട്ട അമ്മമാരും സഹോദരങ്ങളുമാണ് ക്രിസ്തുവിനേക്കാൾ വലിയ സഹനം സഹിക്കുന്നത്. അതറിയുമ്പോൾ മനസ് പിടയും. അവർ ക്രിസ്മസ് ആഘോഷിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നായിരുന്നു ബൈജു വർഗീസ് പറഞ്ഞത്.

ബൈജു വർഗീസിന്റെ പരാമർശത്തിന് വേദിയിൽതന്നെ കേന്ദ്രമന്ത്രി കയ്യോടെ മറുപടി നൽകി. ഉത്തരേന്ത്യയിൽ നാടകം കാട്ടിക്കൂട്ടന്നവർ ആരൊക്കെയാണെന്ന് കോൺഗ്രസുകാരോട് ചോദിക്കൂ. രാഷ്ട്രീയത്തിന് വേണ്ടിയുള്ള വക്ര പ്രവർത്തനങ്ങൾ എന്നും സുരേഷ്ഗോപി മറുപടി നൽകി. 'ഉത്തരേന്ത്യയിൽ ആരാണ് ഈ നാടകമൊക്കെ കാട്ടിക്കൂട്ടുന്നതെന്നും അതെന്തിന് വേണ്ടിയാണെന്നും കൗൺസിലറുടെ പാർട്ടിക്കാരോട് തന്നെ ചോദിച്ചാൽ പറയും. ഇതെല്ലാം രാഷ്ട്രീയവത്കരണത്തിനായുള്ള പ്രവർത്തനങ്ങളാണ്. എല്ലാത്തിനും ഒരു കാരണമുണ്ടാവും. ആ കാരണം ആര് സൃഷ്ടിച്ചു. അതിൽ ഗുണം കൊയ്യാമെന്ന് ആര് വിചാരിച്ചു. അവരുടെ വിക്രിയകൾ മാത്രമാണ്' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയുടെ പ്രസംഗത്തെ വേദിയിലുണ്ടായിരുന്ന ബിജെപി നേതാവും നടനുമായ ദേവനും പിന്തുണച്ചു.

Content Highlights:‌ thrissur ward councillor criticise attacks against Christians in north india in the presence of minister suresh gopi and he responded it

To advertise here,contact us