'വിനോദ് കുമാർ അയോഗ്യന്‍'; സെനറ്റില്‍ നിന്നും സിൻഡിക്കേറ്റിൽ നിന്നും പുറത്താക്കണം: കെയുടിഎ

ഗുരുതരമായ ഇത്തരം ക്രമക്കേടുകളുടെ വെളിച്ചത്തിൽ ടിബിജിആർഐ അയോഗ്യനാക്കിയ ഡോ വിനോദ്‌കുമാർ സർവ്വകലാശാല ഭരണസമിതിയിൽ തുടരുന്നത് അനീതിയാണ്

തിരുവനന്തപുരം: യോഗ്യതയില്ലാതെ നേടിയ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് തസ്തികയിൽ നിന്ന് ടിബിജിആർഐ പുറത്താക്കിയ കേരള സർവ്വകലാശാല സിൻഡിക്കേറ്റംഗം ഡോ. വിനോദ്കുമാറിനെ ഉടൻ പുറത്താക്കണമെന്ന് കേരളയൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ (കെയുടിഎ). ഇതിന് വേണ്ട നടപടികള്‍ വി സി ഉടന്‍ സ്വീകരിക്കണമെന്നും സംഘടന പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ആയൂർവേദ ബിരുദധാരിയായ വിനോദ് കുമാർ തെറ്റായ മാർഗ്ഗങ്ങളിലൂടെയാണ് ഉയർന്നയോഗ്യതകൾ ആവശ്യമുള്ള സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ് തസ്തികയിൽ കടന്നുകൂടിയത്. ബിരുദാന്തര ബിരുദവും (ഫസ്റ്റ് ക്ലാസ്സ് ), പി എച്ച് ഡി ബിരുദവും അടിസ്ഥാനയോഗ്യതയായി ആവശ്യമുള്ള സ്ഥാനത്ത് ആയുർവേദത്തിൽ ബിരുദം മാത്രമുള്ള വിനോദ് കുമാർ അനധികൃത വഴികളിലൂടെയാണ് മുൻ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പ്രിൻസിപ്പൽ ശാസ്ത്രജ്ഞനായി യോഗ്യതയില്ലാതെ നിയമനം നേടിയത്. നിലവിലുള്ള കേവലയോഗ്യതപ്രകാരം വിനോദ് കുമാർ ഒരിക്കലും പ്രവർത്തിക്കാൻ കഴിയാത്ത പ്രസ്തുത തസ്തികയിലിരുന്നുകൊണ്ടാണ് കേരള സർവ്വകലാശാല സെനറ്റംഗത്വവും നേടിയതെന്നും സംഘടന ആരോപിക്കുന്നു.

നിയമവിരുദ്ധ ഇളവുകൾ നല്കിയതും അപേക്ഷകരെയെല്ലാം ഒഴിവാക്കി വിനോദ് കുമാറിനെ മാത്രം ഇന്റർവ്യൂ നടത്തി നിയമിച്ചതും കടുത്ത ക്രമക്കേടായി വിലയിരുത്തുന്നുണ്ട്. ഗുരുതരമായ ഇത്തരം ക്രമക്കേടുകളുടെ വെളിച്ചത്തിൽ ടിബിജിആർഐ അയോഗ്യനാക്കിയ ഡോ വിനോദ്‌കുമാർ സർവ്വകലാശാല ഭരണസമിതിയിൽ തുടരുന്നത് അനീതിയാണ്.

ഇത്തരം തെറ്റുകൾ ബോധപൂർവ്വംചെയ്തവർ സർവ്വകലാശാലയിൽ നിന്ന് വിട്ടുനിന്നേ തീരൂ. മുൻചാൻസിലറുടെ നോമിനിയായ ഇദ്ദേഹം സ്വയംഒഴിഞ്ഞ് പോവുക തന്നെവേണം. അങ്ങനെയുണ്ടായില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ ചാൻസിലറോട് ശുപാർശചെയ്യാൻ വി സി തയ്യാറാകണമെന്നും അക്കാദമിക സമൂഹത്തിൻ്റെ കടുത്ത പ്രതിഷേധം ഉയരുമെന്നും കെയുടിഎ പ്രസ്താവനയിൽ പറഞ്ഞു.

Content Highlight : It is wrong for Vinod Kumar to continue in the Senate and Deanship; Kerala University Teachers' Association

To advertise here,contact us