ശരണം വിളിച്ച് UDF കൗൺസിലർ, ഗണഗീതവുമായി BJP പ്രവർത്തകർ, ജയ്‌ഹിന്ദ് വിളിച്ച് LDF കൗൺസിലർ; പിന്നാലെ കരച്ചില്‍

2030 ഡിസംബര്‍ വരെയാകും പുതിയ ഭരണസമിതികളുടെ കാലാവധി

തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശരണം വിളിച്ച് യുഡിഎഫ് കൗൺസിലർ. കുന്നുകുഴി വാർഡ് കൗൺസിലറായ മേരി പുഷ്പമാണ് സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഷ്ടി ചുരുട്ടി 'സ്വാമിയേ ശരണമയ്യപ്പ' വിളിച്ചത്. സ്വർണക്കൊള്ളയിലുള്ള പ്രതിഷേധമാണ് താൻ ഉയർത്തിയതെന്നും പാർട്ടിയോട് ശരണം വിളിക്കുമെന്ന കാര്യം പറഞ്ഞിരുന്നുവെന്നുമാണ് മേരി പുഷ്പത്തിന്റെ വിശദീകരണം. മറ്റ് യുഡിഎഫ് കൗൺസിലർമാർ ആരും ഇത്തരത്തിൽ ശരണം വിളിച്ചിരുന്നില്ല.

കോർപ്പറേഷൻ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അവസാന സമയത്തേക്ക് കടക്കുമ്പോൾ ബിജെപി പ്രവർത്തകർ ഗണഗീതം പാടുകയും ചെയ്തു. കൗൺസിൽ ഹാളിന് സമീപത്തുനിന്നാണ് ബിജെപി പ്രവർത്തകർ ഗണഗീതം പാടിയത്. എന്നാൽ വർക്കല നഗരസഭയിലെ എൽഡിഎഫ് കൗൺസിലറായി അധികാരമേറ്റ അഖില ജി എസ് ആണ് ജയ്‌ഹിന്ദ്‌ വിളിച്ചാണ് അധികാരമേറ്റത്. സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് അഖില ജയ്‌ഹിന്ദ്‌ വിളിച്ചത്. പിന്നാലെ അഖില കരഞ്ഞു. അറിയാതെ പറഞ്ഞുപോയത് എന്നായിരുന്നു അഖിലയുടെ വിശദീകരണം. എന്നാല്‍ രാജ്യസ്നേഹമുള്ള ആർക്കും ജയ്ഹിന്ദ് വിളിക്കാം എന്നായിരുന്നു സംഭവത്തിന് പിന്നാലെ എൽഡിഎഫ് നേതാക്കളുടെ പ്രതികരണം.

അല്പസമയം മുൻപാണ് ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. മുന്‍ എംഎല്‍എമാരായ കെ എസ് ശബരിനാഥന്‍, അനില്‍ അക്കര, കെ സി രാജഗോപാല്‍, ആര്‍ ലതാദേവി എന്നിവര്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന അംഗമായ ക്ലീറ്റസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടന കയ്യിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെ എസ് ശബരീനാഥനും മുട്ടട കൗണ്‍സിലര്‍ വൈഷ്ണ സുരേഷ് ഉള്‍പ്പെടെയുള്ളവരും സത്യപ്രതിജ്ഞ ചെയ്തത്. സിപിഐഎം അംഗങ്ങള്‍ ദൃഢപ്രതിജ്ഞ ചൊല്ലിയാണ് അധികാരമേറ്റത്.

ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍ കേരള പ്രഭാരി പ്രകാശ് ജാവദേക്കറും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തിരുവനന്തപുരത്ത് എത്തിയിരുന്നു. ബിജെപി കൗണ്‍സിലര്‍ വി വി രാജേഷ്, ആര്‍ ശ്രീലേഖ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.

2030 ഡിസംബര്‍ വരെയാകും പുതിയ ഭരണസമിതികളുടെ കാലാവധി. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കില്ല.

മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2.30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30 നും നടക്കും.

Content Highlights: udf councillor calls swamiye sharanamayyappa, bjp sings ganageetham

To advertise here,contact us