2020ലെ 17% കിട്ടിയില്ല,ഇത്തവണ കിട്ടിയത് 14.71% വോട്ട്; കേരളത്തില്‍ അമിത്ഷാ നടത്തിയ പ്രഖ്യാപനം വൃഥാവില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം പിടിക്കാനായതും നഗരങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനായതും ബിജെപി നേട്ടമായി നേതാക്കൾ പറയുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍മുന്നേറ്റമുണ്ടാക്കണം എന്ന കേന്ദ്ര മന്ത്രി അമിത്ഷായുടെ ലക്ഷ്യം നടപ്പായില്ല. എല്ലാവാര്‍ഡുകളിലും മത്സരിക്കുക, പരമാവധിയിടങ്ങളില്‍ ജയിക്കുക വോട്ടുവിഹിതം 25 ശതമാനമാക്കുക എന്നിങ്ങനെയായിരുന്നു അണികൾക്ക് അമിത്ഷാ നല്‍കിയ ടാര്‍ജറ്റ്.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കുപ്രകാരം എന്‍ഡിഎയുടെ ഇത്തവണത്തെ വോട്ടുവിഹിതം 14.71 ശതമാനമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെയും 2020 ലെ തദ്ദേശതെരഞ്ഞെടുപ്പിന്റെയും നേട്ടത്തിന് പിന്നിലേക്കു പോയിരിക്കുകയാണ് ബിജെപി.

ബിജെപിക്ക് വിജയിക്കാന്‍ സാധിച്ച വാര്‍ഡുകളുടെ ആകെയെണ്ണത്തിലും വലിയ വര്‍ധനയില്ല. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം പിടിക്കാനായതും നഗരങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനായതും ബിജെപി നേട്ടമായി നേതാക്കൾ പറയുന്നു.

ജൂലായ് 12-ന് തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായ മാരാർജി ഭവന്റെ ഉദ്ഘാടനത്തിനുശേഷം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന വാർഡുതല നേതൃസംഗമം ഉദ്ഘാടനത്തിലായിരുന്നു അമിത്ഷായുടെ ടാർജറ്റ് പ്രഖ്യാപനം. 2020-ലെ തദ്ദേശതെരഞ്ഞെടുപ്പിൽ 17.2 ശതമാനമായിരുന്നു വോട്ടുവിഹിതം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 12.53 ശതമാനവും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 19.26 ശതമാനവും. 2020-ൽ 1600 വാർഡുകളിൽ എൻഡിഎ ജയിച്ചു. ഇത്തവണ 1920 പേരും.

എൻഡിഎ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രരുടെ വോട്ടുകൂടി ചേർക്കുമ്പോൾ ഇത്തവണത്തെ വിഹിതത്തിൽ നേരിയ വ്യത്യാസമുണ്ടാകും. തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ വാർഡുകളിലും സ്ഥാനാർഥികളെ നിർത്താനുമായില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് 23576 വാർഡുകളിലേക്കായിരുന്നെങ്കിലും 21,065 സ്ഥാനാർഥികളാണ് എൻഡിഎയുടെയും എൻഡിഎ പിന്തുണയോടെയും മത്സരിച്ചത്. 10 ശതമാനം വാർഡുകളിൽ എൻഡിഎ മത്സരിച്ചില്ല.

Content Highlight : BJP fails to achieve Amit Shah's target in local body elections

To advertise here,contact us