ദിലീപ് മുതൽ മാങ്കൂട്ടത്തിൽ വരെ; രാഹുൽ ഗാന്ധിക്ക് വേണ്ടി വഴിപാട്; ജഡ്ജിയമ്മാവനെ തേടിയെത്തുന്നത് നിരവധി പേര്‍

ക്രിക്കറ്റ് താരം ശ്രീശാന്ത്, നടൻ വിശാൽ, നടി ഭാമ, സരിത എസ് നായർ ഉൾപ്പെടെയുള്ളവരും ഇവിടെ എത്തിയിട്ടുണ്ട്

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് കോട്ടയം ജില്ലയിലെ പൊൻകുന്നത്തുള്ള ചെറുവള്ളിക്കാവ് ദേവി ക്ഷേത്രം. ഇങ്ങനെ പറഞ്ഞാല്‍ ഒരപക്ഷേ ആളുകള്‍ക്ക് മനസിലാകില്ല. ജഡ്ജിയമ്മാവന്‍ കോവില്‍ എന്ന് പറഞ്ഞാലാകും കൂടുതല്‍ മനസിലാകുക. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നേ നിരവധി പ്രമുഖരാണ് കോട്ടയത്തെ ജഡ്ജിയമ്മാവനെ കാണാന്‍ എത്തിയത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇത്തരത്തിലൊരു പ്രതിഷ്ഠ അപൂര്‍വാണ്. ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധിതമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപ് ഈ ക്ഷേത്രത്തില്‍ എത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ദിലീപിനും രാഹുലിനും മുന്‍പ് നിരവധി പ്രമുഖര്‍ ഈ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന ഘട്ടത്തില്‍ സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി വഴിപാട് നടത്തിയിരുന്നു. കേസില്‍ ജാമ്യം ലഭിച്ച ശേഷമായിരുന്നു ദിലീപിന്റെ ക്ഷേത്ര സന്ദര്‍ശനം. 2022 ലും ദിലീപ് ഇവിടെ എത്തി പ്രാര്‍ത്ഥിച്ചിരുന്നു. ബലാത്സംഗക്കേസില്‍ അടക്കം കോടതി നടപടികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ക്ഷേത്ര സന്ദര്‍ശനം. ഇന്നലെ വൈകിട്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്.

ക്രിക്കറ്റ് താരം ശ്രീശാന്താണ് ഈ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയ പ്രമുഖരില്‍ മറ്റൊരാള്‍. വാതുവെപ്പ് കോഴക്കേസ് വന്നപ്പോഴായിരുന്നു ശ്രീശാന്ത് ഇവിടെ എത്തിയത്. സോളാര്‍ കേസിലെ പരാതിക്കാരിയായ സരിത എസ് നായരും മുന്‍പ് ഇവിടെ വന്നിട്ടുണ്ട്. സോളാര്‍ കേസിലെ കോടതി വ്യവഹാരങ്ങള്‍ക്കിടെയായിരുന്നു സരിതയുടെ ക്ഷേത്ര സന്ദര്‍ശനം. ആര്‍ ബാലകൃഷ്ണപിള്ള, പ്രയാഗ് ഗോപാലകൃഷ്ണന്‍, ചലച്ചിത്ര താരങ്ങളായ സിദ്ദിഖ്, ഭാമ, തമിഴ്‌ നടന്‍ വിശാല്‍ തുടങ്ങിയവരും ഇവിടെ എത്തിയിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രയാഗ് ഗോപാലകൃഷ്ണനും ഇവിടെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ കോടതി നടപടികള്‍ക്കിടെയായിരുന്നു പ്രയാഗ് ഗോപാലകൃഷ്ണന്‍ 'ജഡ്ജിയമ്മാവന്' മുന്നിലെത്തിയത്. എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക് വേണ്ടി അനുയായികള്‍ ഇവിടെ എത്തിയിട്ടുണ്ട്. ജയലളിതയുടെ തോഴിയും ഒരുഘട്ടത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വരെയാകുകയും ചെയ്ത വി കെ ശശികലയ്ക്ക് വേണ്ടിയും അനുയായികള്‍ ഇവിടെ എത്തി വഴിപാട് നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് വേണ്ടിയും അനുയായികള്‍ ഇവിടെ വഴിപാടുകള്‍ നടത്തിയിട്ടുണ്ട്.

ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠയ്ക്ക് പിന്നിലെ ഐതിഹ്യം

തിരുവിതാംകൂറിലെ ജഡ്ജിയായിരുന്ന രാമവര്‍മ്മപുരത്തുമഠം ഗോവിന്ദപിള്ളയാണ് ജഡ്ജിയമ്മാവന്‍ എന്നാണ് വിശ്വാസം. സ്വയം വധശിക്ഷയ്ക്ക് വിധിച്ച് ജീവന്‍ നഷ്ടമായ ആളാണ് ഗോവിന്ദപിള്ള. ധര്‍മരാജാവിന്റെ കാലത്ത് തിരുവിതാംകൂര്‍ രാജ്യത്തെ കോടതി ജഡ്ജിയായിരുന്നു ഗോവിന്ദപിള്ള. നീതി പുലര്‍ത്തുന്ന കാര്യത്തില്‍ കൃത്യത പുലര്‍ത്തിയിരുന്ന ഗോവിന്ദപിള്ള, ഒരിക്കല്‍ തന്റെ സഹോദരിയുടെ മകനായ പത്മനാഭപിള്ളയെ തെറ്റിദ്ധാരണയുടെ പേരില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. ഏറെ വൈകി സംഭവത്തില്‍ പത്മനാഭപിള്ള നിരപരാധിയാണെന്ന് ഗോവിന്ദപിള്ള തിരിച്ചറിഞ്ഞു. അനന്തരവന് വധശിക്ഷ വിധിച്ച നടപടിയില്‍ കുറ്റംബോധംകൊണ്ട് ഗോവിന്ദപിള്ള തകര്‍ന്നു. നിരപരാധിക്ക് വധശിക്ഷ വിധിച്ചതിന് യുക്തമായ ശിക്ഷ ഏറ്റുവാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. തനിക്ക് വധശിക്ഷ വിധിക്കാന്‍ രാജാവിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ രാജാവ് അതിന് തയ്യാറായില്ല. ജഡ്ജി സ്വയം വിധിച്ചാല്‍ നടപ്പാക്കാമെന്നായിരുന്നു രാജാവിന്റെ നിലപാട്. ഇതോടെ ഗോവിന്ദപിള്ള സ്വയം വധശിക്ഷ വിധിക്കുകയും അത് നടപ്പിലാക്കുകയുമായിരുന്നു. ഗോവിന്ദപിള്ളയുടെ ആത്മാവിനെ പിന്നീട് ചെറുവള്ളി ക്ഷേത്രത്തില്‍ കുടിയിരുത്തിയെന്നാണ് വിശ്വാസം.

Content Highlights- Dileep to Rahul Mamkootathil; Celebrities who visit judge ammavan temple

To advertise here,contact us