തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് ബദല് പദ്ധതി പ്രഖ്യാപിച്ച കേന്ദ്രസര്ക്കാര് നടപടിക്കെതിരെ വിമര്ശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന് ധനമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്ക് ദയാവധം വിധിച്ചിരിക്കുകയാണ് എന്നാണ് തോമസ് ഐസക് പറയുന്നത്. രാജ്യത്തെ പാവങ്ങളോട് ഇത്ര വലിയ ദ്രോഹം ചെയ്യാന് അവര് ബിജെപിക്കെതിരെ എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വികസിത് ഭാരത് ഗ്യാരന്റി ഫോര് റോസ്ഗാര് ആന്ഡ് അജീവിക മിഷന് എന്നാണെന്നും (വിബി ജി റാം ജി ) രാമന്റെ പേരിലാണ് ദ്രോഹമെന്നും തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'തൊഴില് ദിനങ്ങള് 125 ആയി വര്ധിപ്പിച്ചു എന്ന് പറയുന്നതില് അര്ത്ഥമില്ല. പുതിയ നിയമപ്രകാരം ഡിമാന്ഡിന് അനുസരിച്ച് തൊഴിലെന്ന തത്വം അവസാനിപ്പിച്ചു. പകരം വാര്ഷിക സംസ്ഥാന അലോകേഷന് അനുസരിച്ച് തൊഴില് എന്നതായി തത്വം. കേന്ദ്രസര്ക്കാര് അവരുടെ മാനദണ്ഡമനുസരിച്ച് ഓരോ സംസ്ഥാനത്തിനുമുളള അലോകേഷന് നിശ്ചയിക്കുന്നു. അതിന് മുകളില് തൊഴില് നല്കണമെങ്കില് സംസ്ഥാന സര്ക്കാര് പണം കണ്ടെത്തണം. കേരളമായിരിക്കും ഏറ്റവും കൂടുതല് പണം നഷ്ടപ്പെടാന് പോകുന്ന സംസ്ഥാനങ്ങളില് ഒന്ന്. ഇപ്പോള് തന്നെ ജിയോ ടാഗിങ്ങും ഫോട്ടോ എടുപ്പും കൊണ്ട് പാവം തൊഴിലാളികള് വലഞ്ഞിരിക്കുകയാണ്'; തോമസ് ഐസക് പറഞ്ഞു. ഇനിമുതല് പഞ്ചായത്തുകളായിരിക്കില്ല ചെയ്യേണ്ട പ്രവര്ത്തികള് തീരുമാനിക്കുകയെന്നും ഗ്രാമതല ആസൂത്രണം എന്നത് മഹാത്മാഗാന്ധിയുടെ ചില സ്വപ്നങ്ങള് മാത്രമായി മാറുമെന്നും തോമസ് ഐസക് പറഞ്ഞു. ഇനിമുതല് നമ്മുടെ പഞ്ചായത്തുകളില് എന്തുചെയ്യണമെന്ന് മോദി ഡല്ഹിയില് നിന്ന് തീരുമാനിക്കുമെന്നും ബിജെപിയുടെ ജനദ്രോഹത്തിനെതിരെ മുഴുവന് തൊഴിലുറപ്പ് തൊഴിലാളികളും സമരത്തിന് ഇറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂര്ണരൂപം
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് ദയാവധം. രണ്ട് ദിവസം മുൻപ് ഇതിനുള്ള സാധ്യതയെ കുറിച്ച് രണ്ട് പോസ്റ്റുകൾ എഴുതിയതെയുള്ളൂ. ഇത്ര പെട്ടെന്ന് ഇത് സംഭവിക്കുമെന്ന് കരുതിയില്ല. രാജ്യത്തെ പാവങ്ങളോട് ഇത്ര വലിയ ദ്രോഹം ചെയ്യാൻ അവർ ബിജെപിയ്ക്കെതിരെ എന്തു ചെയ്തു..??
പത്രത്തിൽ കണ്ടത് 125 ദിവസം തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള ഭേദഗതിയെന്നാണ്. മഹാത്മാ ഗാന്ധിയുടെ പേര് മാറ്റുന്നതിനെതിരെയുള്ള വിമർശനമേ ഉയർന്നുള്ളൂ. പുതിയ പേര് വികസിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ ബിൽ) എന്നാണ് (Vikasit Bharat – Guarantee for Rozgar and Ajeevika Mission (Gramin) Bill, 2025). ചുരുക്കപ്പേര് വി.ബി – ജി റാം ജി (VB – G RAM G). രാമന്റെ പേരിലാണ് ദ്രോഹം.
തൊഴിൽ ദിനങ്ങൾ 125 ആയി വർദ്ധിപ്പിച്ചു എന്നു പറയുന്നതിന് അർഥമില്ല. കാരണം പുതിയ നിയമപ്രകാരം ഡിമാൻഡിന് അനുസരിച്ച് തൊഴിലെന്ന തത്വം അവസാനിപ്പിച്ചു. പകരം വാർഷിക സംസ്ഥാന അലോകേഷനു അനുസരിച്ച് തൊഴിൽ എന്നതായി തത്വം. കേന്ദ്ര സർക്കാർ അവരുടെ മാനദണ്ഡമനുസരിച്ച് ഓരോ സംസ്ഥാനത്തിനുമുള്ള അലോകേഷൻ നിശ്ചയിക്കുന്നു. അതിനു മുകളിൽ തൊഴിൽ നൽകണമെങ്കിൽ സംസ്ഥാന സർക്കാർ പണം കണ്ടെത്തിക്കൊള്ളണം. കേരളമായിരിക്കും ഏറ്റവും കൂടുതൽ പണം നഷ്ടപ്പെടാൻ പോകുന്ന സംസ്ഥാനങ്ങളിലൊന്ന്.
ഇപ്പോൾ മെറ്റീരിയൽ കോസറ്റിന്റെ 25 ശതമാനം സംസ്ഥാനം വഹിച്ചാൽ മതി. ബാക്കി മുഴുവൻ കേന്ദ്ര ഫണ്ട് ആയിരുന്നു. ഇനിമേൽ തൊഴിലുറപ്പിന്റെ കൂലിയടക്കം 40 ശതമാനം കേരളം വഹിക്കും. ചുരുങ്ങിയത് 1500 കോടിയെങ്കിലും കേരള സർക്കാറിന് അധിക ചിലവാകും.
ഇപ്പോൾ തന്നെ ജിയോ ടാഗിങ്ങും ഫോട്ടോ എടുപ്പും കൊണ്ട് പാവം തൊഴിലാളികള് വലഞ്ഞിരിക്കാണ്. അഴിമതി തടയാണെന്ന് പറഞ്ഞ് ക്ലേശ നടപടി ക്രമങ്ങൾ പലമടങ്ങ് വർദ്ധിപ്പിക്കാനാണ് ബില്ലിൽ ശ്രമിക്കുന്നത്. തീർന്നില്ല. ഇനിമേൽ പഞ്ചായത്തുകളായിരിക്കില്ല ചെയ്യേണ്ട പ്രവർത്തികൾ തീരുമാനിക്കുന്നത്. പ്രധാന മന്ത്രി ഗഡി ശക്തി ഇന്റെഗ്രേഷൻ എന്ന ഡിജിറ്റൽ ഗ്രിഡിൽ ഉൾകൊള്ളിച്ചിട്ടുള്ള പ്രോജക്ടുകളോ സ്കീമുകളോ വേണം തിരഞ്ഞെടുക്കാൻ. ഗ്രാമതല ആസൂത്രണം എന്നത് മഹാത്മാ ഗാന്ധിയുടെ ചില സ്വപ്നങ്ങൾ മാത്രം. ഇനിമേൽ നമ്മുടെ പഞ്ചായത്തുകളിൽ എന്തു ചെയ്യണമെന്ന് മോഡി ഡൽഹിയിൽ നിന്ന് തീരുമാനിക്കും. ബിജെപിയുടെ ജനദ്രോഹത്തിനെതിരെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും സമരത്തിന് ഇറങ്ങണം.
Content Highlights: Thomas issac against name change of mgnrega