കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത ബോർഡുകൾ ബാനറുകൾ പോസ്റ്ററുകൾ തുടങ്ങിയവ നീക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം എല്ലാവർക്കും ബാധകമെന്ന് ഹൈക്കോടതി. അനധികൃത ബോർഡുകൾ, കൊടി തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നതിലെ കോടതി നിർദേശം സ്വകാര്യ, പൊതു, സാംസ്‌കാരിക, വ്യാവസായിക, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ബാധകമാണെന്ന് കോടതി അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത വസ്തുക്കൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ റിപ്പോർട്ട് തേടിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകൾ അടക്കമുള്ളവ നീക്കം ചെയ്യാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കാര്യം നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഹൈക്കോടതി നിർദേശം നൽകിയിരുന്നത്. ഇവ നീക്കിയില്ലെങ്കിൽ ഉത്തരവാദികളിൽനിന്ന് പിഴയീടാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു.
കോടതിയുടെ നിർദേശം പാലിച്ചിട്ടുണ്ടെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ ഇവ നീക്കം ചെയ്തിട്ടതുണ്ടോ എന്നത് പരിശോധിക്കാൻ സമയം അനുവദിക്കണമെന്നും ഗവൺമെന്റ് പ്ലീഡർ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായ അനധികൃത വസ്തുക്കൾ നീക്കം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടിക്രമങ്ങൾ വിശദമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കോൺസലും കോടതിയോട് ആവശ്യപ്പെട്ടു. ഇരു വിഭാഗത്തിന്‍റെയും ആവശ്യം പരിഗണിച്ച കോടതി ഇക്കാര്യത്തിൽ സമയം നീട്ടി നൽകി. അടുത്തതായി ഈ വിഷയം പരിഗണിക്കുന്ന ദിവസം ഇവ സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. അടുത്ത അവധിക്ക് ശേഷമായിരിക്കും ഇത് വീണ്ടും പരിഗണിക്കുക.
Content Highlights: kerala highcourt seeks status report on removal of unauthorized boards and other materials