പാലക്കാട്: തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ മലപ്പുറം വണ്ടൂര് സ്വദേശിയായ പ്രവാസി വ്യവസായിയെ പാലക്കാട് ഒറ്റപ്പാലത്ത് കണ്ടെത്തി. പ്രവാസി വ്യവസായിയായ വി പി മുഹമ്മദലിയെ തടവിൽ പാർപ്പിച്ചിരിക്കയായിരുന്നു. ആക്രമികൾ ഉറങ്ങിയ സമയം തടവിൽപാർപ്പിച്ച വീട്ടിൽനിന്ന് ഇറങ്ങിയോടി ഇയാൾ പൊലീസിനെ വിളിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വി പി മുഹമ്മദലിയെ വാണിയംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ടാണ് തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപത്തുനിന്നും മുഹമ്മദലിയെ തട്ടിക്കൊണ്ടുപോയത്. കൂറ്റനാട് ഭാഗത്തുനിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോകുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ ഒരു സംഘം തടഞ്ഞുനിർത്തി. പിന്നാലെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം വ്യവസായിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബിസിനസിനെ തുടർന്നുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് വ്യവസായി പൊലീസിനോട് പറഞ്ഞു.
Content Highlights: abducted businessman found