രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് പിണറായി ആണോ എന്നാണ് തങ്ങളുടെ സംശയം; കെ മുരളീധരൻ

'കട്ടാൽ അത് കണ്ടെത്താനും കരുണാകരന് കഴിവുണ്ടായിരുന്നു. എന്നാൽ പിണറായി കട്ടിട്ട് കീശയിലിട്ട് നടക്കും'

തിരുവനന്തപുരം: രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് പിണറായി ആണോ എന്നാണ് തങ്ങളുടെ സംശയമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിടികൂടാനാകുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് കേരള പൊലീസ് മീശവെച്ച് നടക്കുന്നത്. എവിടെയുണ്ടെങ്കിലും പോയി പിടിക്കട്ടെ . അതിന് കഴിയുന്നില്ലെങ്കിൽ സർക്കാർ തുറന്നു പറയണം. അല്ലാതെ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കരുതെന്നും മുരളീധരൻ പറഞ്ഞു.

ഗുരുവായൂർ തിരുവാഭരണ മോഷണവുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദൻ നടത്തിയ പരാമർശത്തിനും കെ മുരളീധരൻ മറുപടി നൽകി. ഗുരുവായൂർ ദേവസ്വത്തിന്റെ തിരുവാഭരണം കാണാതായ സംഭവത്തിൽ അത് അമ്പലക്കുളത്തിൽ നിന്ന് തന്നെ കണ്ടെത്തി. അതിന്‍റെ പേരിൽ കെ കരുണാകരനെ കുറ്റം പറഞ്ഞവരാണവർ. കരുണാകരന്റെ ശ്രമഫലമായാണ് തിരുവാഭരണം കണ്ടെത്തിയത്. കട്ടാൽ അത് കണ്ടെത്താനും കരുണാകരന് കഴിവുണ്ടായിരുന്നു. എന്നാൽ പിണറായി കട്ടിട്ട് കീശയിലിട്ട് നടക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ സ്വർണ്ണക്കൊള്ള കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഗുരുവായൂരിൽ ഉണ്ടായതാണെന്നും ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്.

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുള്ള രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ ശശി തരൂർ പങ്കെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തോട് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അതേകുറിച്ച് ചോദിക്കരുതെന്നും ഡിസംബർ 9 ന് ശേഷം ചിലത് പറയാനുണ്ടെന്നും കെ മുരളീധരൻ പ്രതികരിച്ചു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എവിടെയാണെന്ന് മുഖ്യമന്ത്രിക്കും പൊലീസിനും അറിയാമെന്നും തെരഞ്ഞെടുപ്പ് ദിവസം വരെ വിഷയം ചർച്ചയാക്കി നിർത്താനാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി പറഞ്ഞു. രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നില്ല. ഇല്ലാത്ത പരാതിയുടെ പേരിൽ ക്രൂശിക്കാൻപാടില്ലെന്നതിനാലാണ് മുൻപ് നടപടി സ്വീകരിക്കാതിരുന്നത്. രാഹുൽ തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെടുത്തതെന്നും അടൂർ പ്രകാശ് പറഞ്ഞു.

Content Highlights: K Muraleedharan says Rahul Mamkootathil will be arrested tomorrow and there will be an adjustment arrest

To advertise here,contact us