മൂക്ക് പൊളിച്ചാലും പറയേണ്ടത് പറയാതിരിക്കില്ല; തന്നെ പറയുന്നതിന്റെ കാര്യവും കാരണവും എല്ലാവർക്കും അറിയാം: ഷാഫി

ഇത്തരത്തിലുള്ള എത്രപേര്‍ സിപിഐഎമ്മിലുണ്ടെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഷാഫി പറമ്പിൽ പറഞ്ഞു

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഒരു പാര്‍ട്ടിയും എടുക്കാത്ത നടപടിയാണ് കോണ്‍ഗ്രസ് എടുത്തതെന്ന് ആവര്‍ത്തിച്ച് ഷാഫി പറമ്പില്‍ എം പി. രാഹുല്‍ വിഷയവുമായി ബന്ധപ്പെടുത്തി തന്നെ പറയുന്നതിന്റെ കാര്യവും കാരണവും എല്ലാവര്‍ക്കും അറിയാമെന്നും അതിലൊന്നും പ്രയാസമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മൂക്ക് പൊളിച്ചാലും പറയേണ്ടത് പറയാതിരിക്കില്ലെന്നും ഷാഫി പറഞ്ഞു.

'രാഷ്ട്രീയമായി എന്നെ പറയുന്നതിന്റെ കാര്യവും കാരണവും എല്ലാവര്‍ക്കും അറിയാം. അതിലൊന്നും എനിക്ക് പ്രയാസം ഇല്ല. പറഞ്ഞത് കേള്‍ക്കാനും തയ്യാറാണ്. മൂക്ക് പൊളിച്ചാല്‍ അതിനും തയ്യാറാണ്. ഇതുകൊണ്ടൊന്നും പറയേണ്ടത് ഞാന്‍ പറയാതിരിക്കും എന്ന് ആരും ധരിക്കേണ്ടതില്ല എന്ന് സ്‌നേഹത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു', എന്നായിരുന്നു ഷാഫിയുടെ വാക്കുകള്‍.

ഇത്തരത്തിലുള്ള എത്രപേര്‍ സിപിഐഎമ്മിലുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്തുനടപടിയാണ് എടുത്തതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. രാഹുലിന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തെ മാത്രമാണ് പിന്തുണച്ചതെന്നും ഓരോരുത്തരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ലെന്നുമായിരുന്നു ഷാഫി പറമ്പില്‍ ഇന്നലെ വിശദീകരിച്ചത്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയായിരുന്നു പ്രതികരണം.

രാഹുലിനെതിരെ പാര്‍ട്ടി തുടക്കത്തിലെ നടപടിയെടുത്തു. രാഹുലുമായുള്ള അടുപ്പം പാര്‍ട്ടിയില്‍ വന്നശേഷം ഉണ്ടായതാണ്. വ്യക്തിപരമായ അടുപ്പം രാഷ്ട്രീയത്തിലേക്ക് എത്തിച്ചതല്ല. രാഹുലിന്റെ സംഘടനാ പ്രവര്‍ത്തനത്തെയാണ് പിന്തുണച്ചത്. പാര്‍ട്ടിയില്‍ പുതിയ തലമുറ വളര്‍ന്നുവരുമ്പോള്‍ സംഘടനപരമായ പിന്തുണ കൊടുക്കാറുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.

Content Highlights: Even if you break your nose you won't keep from saying what you have to say said Shafi parambil

To advertise here,contact us