ബാർക്; റിപ്പോർട്ടർ ചാനലിനെതിരെ 24 ന്റെ വ്യാജ വാർത്ത: ശ്രീകണ്ഠന്‍ നായരടക്കം 6 പേർക്കെതിരെ കേസ്

24 ന്യൂസ് ചാനല്‍ എംഡി ആർ ശ്രീകണ്ഠന്‍ നായർ, ചാനല്‍ ചെയർമാന്‍ ആലുങ്കല്‍ മുഹമ്മദ് എന്നിവർ ഉള്‍പ്പെടെ 6 പേർക്കെതിരെയാണ് കളമശ്ശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്

കൊച്ചി: റിപ്പോർട്ടർ ചാനലിനെതിരെ വ്യാജ വാർത്ത സൃഷ്ടിച്ച 24 ന്യൂസിനെതിരെ കേസ്. ബാർക് റേറ്റിങ്ങുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്ത 24 ന്യൂസ് ചാനല്‍ എംഡി ആർ ശ്രീകണ്ഠന്‍ നായർ, ചാനല്‍ ചെയർമാന്‍ ആലുങ്കല്‍ മുഹമ്മദ് എന്നിവർ ഉള്‍പ്പെടെ 6 പേർക്കെതിരെയാണ് കളമശ്ശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കേസില്‍ ശ്രീകണ്ഠന്‍ നായർ ഒന്നാം പ്രതിയും മകന്‍ ശ്രീരാജ് രണ്ടാം പ്രതിയുമാണ്. ഫ്ലവേഴ്സ് ചാനല്‍ സിഇഒ ഉണ്ണികൃഷ്ണന്‍, 24 ന്യൂസ് ചാനല്‍ എക്സിക്യുട്ടീവ് എഡിറ്റർമാരായ കെ ആർ ഗോപീകൃഷ്ണന്‍, ബി ദിലീപ് കുമാർ, ചെയർമാന്‍ ആലുങ്കല്‍ മുഹമ്മദ് എന്നിവരാണ് മൂന്ന് മുതല്‍ ആറുവരേയുള്ള പ്രതികള്‍. മൊബൈല്‍ ഫോണ്‍ഹാക്ക് ചെയ്ത് വാട്സാപ്പ് ചാറ്റുകള്‍ ചോർത്തിയെടുത്തു എന്നത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണുള്ളത്.

'ഒന്ന് മുതല്‍ മുതല്‍ ആറുവരേയുള്ള പ്രതികള്‍ ചേർന്ന് വാട്സാപ്പ് ചാറ്റുകള്‍ ചോർത്തിയെടുക്കുകയും, കൃത്രിമമായി പലവിവരങ്ങളും ചേർത്ത് ബാർക് ജീവനക്കാരന് 100 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് വരുത്തി തീർക്കാനായി വ്യാജ സ്ക്രീന്‍ഷോട്ട് സൃഷ്ടിച്ച് വാർത്ത സംപ്രേക്ഷണം ചെയ്തു. ഇതിലൂടെ പരാതിക്കാരന് പ്രത്യക്ഷമായി 25 കോടി രൂപയും പരോക്ഷമായി 100 കോടി രൂപയുടേയും നഷ്ടമുണ്ടായി' എഫ്ഐആറില്‍ പറയുന്നു.

ഭാരതീയ ന്യായ സംഹിതയിലെ 316(2),318(4),336(3),3(5), ഇന്‍ഫർമേഷന്‍ ടെക്നോളജി ആക്ടിലെ 66, 72 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.  പരാതിയില്‍ കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Bark; Fake News Against Reporter Channel: Case Filed Against 6 People Including R Sreekantan Nair

To advertise here,contact us