രാഹുലിനായി തോട്ടങ്ങളില്‍ തിരച്ചില്‍: പുൽപ്പള്ളിയിലെ കോൺഗ്രസ് നേതാവിന്റെ റിസോർട്ടിലും പരിശോധന

രാഹുലിന്‍റെ സഞ്ചാരം വയനാട്- കർണാടക അതിർത്തിയിലെ തോട്ടങ്ങൾ വഴിയെന്ന് സൂചന

കോഴിക്കോട്: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കായി തിരച്ചിൽ ശക്തമാക്കി അന്വേഷണ സംഘം. തമിഴ്‌നാട് വഴി കർണാടകയിലേക്ക് കടന്ന രാഹുലിനായി വയനാട്-കർണാടക അതിർത്തിയിൽ തിരച്ചിൽ ഊർജിതമാക്കി.

പുൽപ്പള്ളിയിലുള്ള കോൺഗ്രസ് നേതാവിന്റെ റിസോർട്ടിലും തിരച്ചിൽ നടന്നതായി സൂചനയുണ്ട്. ഇവിടെ രാഹുൽ എത്താനുള്ള സാധ്യത പൊലീസ് തള്ളിയിട്ടില്ല. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ഇവിടെ തുടരുന്നതായാണ് വിവരം.

കർണാടകയിൽ നിന്ന് പെരിക്കല്ലൂർ വഴി രാഹുൽ പുൽപ്പള്ളിയിലെത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. ചെക്ക്‌പോസ്റ്റ് വഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് മുൻകൂർ ജാമ്യഹർജി പരിഗണിക്കവെ രാഹുൽ വയനാട്ടിലെത്തി മാനന്തവാടിയിലെയോ ബത്തേരിയിലെയോ കോടതിയിൽ കീഴടങ്ങാനുള്ള സാധ്യതയും അന്വേഷണ സംഘം കാണുന്നുണ്ട്.

രാഹുലിന് വേണ്ടി വയനാട്- കർണാടക അതിർത്തിയിലെ തോട്ടങ്ങളിലും പരിശോധന ശക്തമാക്കി. തോട്ടം മേഖലയായ കർണാടകയിലെ സുള്ള്യയിൽ രാഹുൽ വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും ഇവിടെനിന്ന് രാഹുൽ കടന്നുകളഞ്ഞതായാണ് സൂചന. കോടതിയിൽ കീഴടങ്ങും മുൻപ് രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിർദേശം. ഇതിനായി വയനാട്ടിലെ കോടതികൾ കേന്ദ്രീകരിക്കണമെന്ന നിർദേശവും ലഭിച്ചിട്ടുണ്ട്. കീഴടങ്ങലിനായാണ് രാഹുൽ അതിർത്തിപ്രദേശത്തേക്ക് എത്തിയതെന്നാണ് സംശയം.

അതേസമയം രാഹുല്‍ പാലക്കയത്ത് റിസോര്‍ട്ടില്‍ എത്തിയതായി കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ കല്ലടിക്കോട് സി ഐ സി കെ നൗഷാദിന്റെ നേതൃത്വത്തില്‍ പാലക്കയത്തെ ചില റിസോര്‍ട്ടുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലഭിച്ചത് വ്യാജ ഫോണ്‍കാള്‍ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള തിരച്ചിലുമായി ബന്ധപ്പെട്ട വിവരം ചോരുന്നുണ്ടെന്ന സംശയത്തിലാണ് പൊലീസ്. രഹസ്യ സ്വഭാവത്തില്‍ വേണം തിരച്ചിലെന്ന് അന്വേഷണ സംഘത്തിന് എഡിജിപി കര്‍ശന നിര്‍ദേശം നല്‍കി.

Content Highlights : search was conducted at the Congress leader's resort for Rahul Mamkootathil

To advertise here,contact us