രാഹുലിന് പാർട്ടിയിൽ സ്ഥാനമില്ല, പ്രചാരണത്തിനുണ്ടെങ്കിൽ പാലക്കാട്ടെ നേതൃത്വം മറുപടി പറയട്ടെ: കെ സി വേണുഗോപാൽ

ആരോപണം വന്നപ്പോള്‍ തന്നെ കര്‍ശനമായ നടപടിയെടുത്തുവെന്ന് കെസി വേണുഗോപാൽ

കല്‍പറ്റ: രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതാണ്. ആരോപണം വന്നപ്പോള്‍ തന്നെ കര്‍ശനമായ നടപടിയെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ പാലക്കാട്ടെ നേതൃത്വം മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയ സംരക്ഷണമില്ലാതെ കൊള്ള നടക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൈവതുല്യരായ ആളുകള്‍ ആരെന്ന് പുറത്തു വരണം. സിപിഐഎം മറുപടി പറയണമെന്നും കെ സി വോണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ലൈംഗികാതിക്രമ ആരോപണം നേരിടുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുകയാണ്. രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ സംരക്ഷണം നല്‍കുന്നതിനെ ചൊല്ലിയാണ് അതൃപ്തി.

രാഹുലിനെതിരെ കടുത്ത നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ആവശ്യം. എന്നാല്‍ ആരോപണങ്ങളില്‍ മൗനം പാലിക്കുന്ന നിലപാടാണ് കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും സ്വീകരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭധാരണത്തിന് യുവതിയെ നിര്‍ബന്ധിക്കുന്ന വാട്‌സ്ആപ്പ് സന്ദേശവും ഗര്‍ഭധാരണത്തിന് ശേഷം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ കോളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല്‍ പെണ്‍കുട്ടിയോട് വാട്സ്ആപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണമെന്നും രാഹുല്‍ നിര്‍ബന്ധിക്കുന്നുണ്ട്. ലൈംഗികാരോപണത്തില്‍ നടപടി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അടക്കം രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.

Content Highlights: kc venugopal about rahul mamkootathil issue

To advertise here,contact us