'ബിഎൽഒ അനീഷിനെ സിപിഐഎമ്മുകാർ ഭീഷണിപ്പെടുത്തി': തെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് ബിഎൽഎ അയച്ച കത്ത് പുറത്ത്

ബിഎല്‍ഒ അനീഷ് കുമാര്‍ ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ മുന്‍പാണ് വൈശാഖ് കെ കളക്ടര്‍ക്ക് കത്തയച്ചത്

കണ്ണൂര്‍: കണ്ണൂരില്‍ ജീവനൊടുക്കിയ ബിഎല്‍ഒ അനീഷ് ജോര്‍ജ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. കങ്കോള്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് ബിഎല്‍ഒ വൈശാഖ് കെ കളക്ടര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ബിഎല്‍ഒ അനീഷ് കുമാറിനെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. ബൂത്തില്‍ എസ്ഐആറുമായി ബന്ധപ്പെട്ട വീടുകള്‍ കയറിയുളള പ്രവര്‍ത്തനത്തിന് തന്നെ വിളിക്കാതെ അനീഷ് ജോര്‍ജ് ബിഎല്‍ഒ മാറ്റിനിര്‍ത്തിയെന്നും കാരണം അന്വേഷിച്ചപ്പോള്‍ തന്നെ ഉള്‍പ്പെടുത്തിയാല്‍ സിപിഐമ്മുകാര്‍ പ്രശ്‌നമുണ്ടാക്കുമെന്നും തടയുമെന്നും പറഞ്ഞുവെന്നാണ് അനീഷ് പറഞ്ഞത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഏജന്റുമായി മാത്രമാണ് ബിഎല്‍ഒ ഇപ്പോള്‍ വീടുകള്‍ കയറിയിറങ്ങുന്നതെന്നും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്നും വൈശാഖ് ആരോപിക്കുന്നു. അടിയന്തരമായി ഈ പ്രവര്‍ത്തി തടയണമെന്നും തന്നെക്കൂടി ഉള്‍ക്കൊളളിച്ച് ജനാധിപത്യ രീതിയില്‍ കുറ്റമറ്റ വോട്ടര്‍പട്ടിക ഉണ്ടാക്കുന്നതിന് സാഹചര്യമുണ്ടാക്കണമെന്നും വൈശാഖ് പരാതിയില്‍ പറയുന്നത്. ബിഎല്‍ഒ അനീഷ് കുമാര്‍ ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ മുന്‍പാണ് വൈശാഖ് കെ കളക്ടര്‍ക്ക് കത്തയച്ചത്. അനീഷിൻ്റെ ആത്മഹത്യയ്ക്ക് കാരണം ജോലിഭാരം മാത്രമല്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. അനീഷ് ജോര്‍ജിന് സിപിഐഎം നേതാക്കളുടെ ഭീഷണിയുണ്ടായെന്നാണ് അദ്ദേഹം ആരോപിച്ചത്. അനീഷിനെ സിപിഐഎം ബിഎൽഎ റഫീഖ് ഭീഷണിപ്പെടുത്തിയതെന്നും കോൺഗ്രസ് ബിഎൽഎയോട് അനീഷ് ഇനിമുതൽ കൂടെ വരേണ്ടെന്ന് വിളിച്ച് ആവശ്യപ്പെട്ടെന്നും മാർട്ടിൻ ജോർജ് പറഞ്ഞിരുന്നു.

നവംബർ പതിനാറിനാണ് അനീഷിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യന്നൂര്‍ മണ്ഡലം പതിനെന്നാം ബൂത്തിലെ ഓഫീസറായിരുന്നു അനീഷ് ജോര്‍ജ്. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. ജോലി സമ്മര്‍ദം മൂലം അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ സിപിഐഎം നേതൃത്വത്തിനെതിരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ കൂടെ കൂട്ടിയതിന് സിപിഐഎം ബിഎല്‍ഒയെ ഭീഷണിപ്പെടുത്തി. കള്ളപരാതി നല്‍കി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെ ഫോണ്‍ സംഭാഷണമുണ്ട്. ജോലി ഭാരവും സിപിഐഎമ്മിന്റെ ഭീഷണിയുമാണ് ആത്മഹത്യക്ക് കാരണം'എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്.

Content Highlights: BLO Aneesh threatened by CPIM: BLA's letter to Vaisakh K election officer out

To advertise here,contact us