കേരളത്തിന് ലോകോത്തര നിലവാരത്തിലുളള ഗതാഗതാനുഭവം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

അപകടത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു

കൊച്ചി: കേരളത്തിന് ലോകോത്തര നിലവാരത്തിലുളള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കി തടസമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ഗതാഗതാനുഭവം ഉറപ്പാക്കുന്നതില്‍ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാത 66-ല്‍ അരൂര്‍ മുതല്‍ തുറവൂര്‍ തെക്ക് വരെ ആറുവരി പാതയും നാലുവരി പാതയുടെ വികസനവും ഉള്‍ക്കൊളളുന്ന പദ്ധതി നടപ്പാക്കുന്നതിനായി എന്‍എച്ച്എഐയും ആര്‍ഐടിഇഎസും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് ഗതാഗത മന്ത്രി ഇക്കാര്യം അറിയിച്ചത്. അരൂര്‍ ദേശീയപാത ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ പ്രതികരണം.

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് ചന്തിരൂര്‍ ഭാഗത്ത് ഗര്‍ഡര്‍ വീണുണ്ടായ അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവറായ രാജേഷ് മരിച്ചത്. മുട്ടയുമായി എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് ഗര്‍ഡറുകള്‍ വീഴുകയായിരുന്നു. മൂന്നര മണിക്കൂറിന് ശേഷം വാഹനം പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. അപകടത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അശോക ബില്‍ഡ്‌കോണ്‍ കമ്പനിക്കെതിരെയാണ് അരൂര്‍ പൊലീസ് കേസെടുത്തത്. 

രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് നിർമാണ കമ്പനി അറിയിച്ചിരുന്നു. രാജേഷിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നൽകാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ ലഭിച്ചാൽ ഉടൻ പണം കൈമാറും. കുടുംബത്തിന് സിഎംഡിആര്‍എഫില്‍ നിന്ന് നാല് ലക്ഷം രൂപ കൈമാറുമെന്ന് ആലപ്പുഴ ജില്ലാ കളക്ടറും അറിയിച്ചിരുന്നു.

Content Highlights: Kerala will be assured of a world-class transport experience: Nitin Gadkari

To advertise here,contact us