ശിവപ്രിയയുടെ മരണം: അണുബാധയുണ്ടായത് ആശുപത്രിയില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ലേബര്‍ റൂമിലും പ്രസവാനന്തര ശുശ്രൂഷ നല്‍കുന്ന ഇടങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയില്ല

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച ശിവപ്രിയയ്ക്ക് അണുബാധ ഉണ്ടായത് ആശുപത്രിയില്‍ നിന്ന് അല്ലെന്ന് പ്രാഥമിക നിഗമനം. ലേബര്‍ റൂമിലും പ്രസവാനന്തര ശുശ്രൂഷ നല്‍കുന്ന ഇടങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

അന്വേഷണ റിപ്പോര്‍ട്ട് വിദഗ്ധസമിതി ഇന്ന് സമര്‍പ്പിക്കും. ശിവപ്രിയയുടെ ബന്ധുക്കളുടെയും ഡോക്ടര്‍മാരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അതേസമയം റിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് ശിവപ്രിയയുടെ ഭര്‍ത്താവ് മനു പ്രതികരിച്ചു. മെഡിക്കല്‍ കോളജില്‍ മരിച്ച ആര്‍ക്കാണ് നീതി ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.

'അവസാനം ഡോക്ടര്‍മാര്‍ക്ക് അനുകൂലമായാണ് എല്ലാ റിപ്പോര്‍ട്ടും വരാറുള്ളത്. വീട്ടില്‍ നിന്ന് അണുബാധ ഉണ്ടായെന്നാണ് ആശുപത്രിയില്‍ എത്തിയപ്പോള്‍ പറഞ്ഞത്. മരണം നടന്നപ്പോഴും അത് തന്നെ ആണ് പറഞ്ഞത്. ഇനിയും അങ്ങനെ തന്നെ പറയാന്‍ ആണ് സാധ്യത. അന്വേഷണം നടത്തുന്നത് ഡോക്ടര്‍മാര്‍ തന്നെയല്ലേ. അവര്‍ മറ്റ് ഡോക്ടര്‍മാര്‍ക്ക് അനുകൂലം ആയല്ലേ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ. കുഞ്ഞിന്റെ ആരോഗ്യനില പോലും ഇത് വരെയും ആരും അന്വേഷിച്ചിട്ടില്ല', മനു പ്രതികരിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് അണുബാധയെ തുടര്‍ന്ന് ശിവപ്രിയ മരിച്ചത്. പ്രസവശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ ശിവപ്രിയയ്ക്ക് മൂന്ന് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് എസ്എടിയില്‍ വീണ്ടും അഡ്മിറ്റ് ചെയ്തെങ്കിലും മരിച്ചു. പിന്നാലെ എസ്എടി ആശുപത്രിയില്‍ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു.

Content Highlights: Death of Sivapriya report that the infection did not come from the Medical college

To advertise here,contact us