ഭരണം തിരിച്ചുപിടിക്കണം; മലപ്പുറം മാറഞ്ചേരി പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കി യുഡിഎഫ്

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി തന്നെയാണ് ധാരണ പരസ്യമാക്കിയത്

മലപ്പുറം: മാറഞ്ചേരി പഞ്ചായത്തില്‍ യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കാന്‍ ധാരണ. ഇതേ തുടര്‍ന്ന് മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഓരോ സീറ്റ് വിട്ടുനല്‍കാന്‍ തീരുമാനമായി. ജില്ലയില്‍ ആദ്യമായാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കാന്‍ യുഡിഎഫ് ധാരണയായത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നായിരുന്നു മുന്നണി ആദ്യമെടുത്ത തീരുമാനം. അതുകൊണ്ട് തന്നെ 17 വാര്‍ഡുകളില്‍ മത്സരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. 22ല്‍ 14 വാര്‍ഡില്‍ കോണ്‍ഗ്രസും എട്ട് വാര്‍ഡില്‍ മുസ്‌ലിം ലീഗും മത്സരിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ മാറഞ്ചേരി പഞ്ചായത്തിലെ 17ാം വാര്‍ഡ് ലീഗിന് തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രഹസ്യധാരണ തീരുമാനമായത്.

യുഡിഎഫിലെ ഒരു വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും ഭരണം തിരിച്ചുപിടിക്കാന്‍ വെല്‍ഫെയറുമായി ധാരണയാകുകയായിരുന്നു. ഇതോടെ ലീഗിന് ലഭിച്ച 13ാം വാര്‍ഡും കോണ്‍ഗ്രസിന് ലഭിച്ച 14ാം വാര്‍ഡും വെല്‍ഫെയറിന് വിട്ടു കൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി തന്നെയാണ് ധാരണ പരസ്യമാക്കിയത്.

വെല്‍ഫെയര്‍ പിന്തുണക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ധാരണ വ്യക്തമായത്. ജമാഅത്ത് ഇസ്‌ലാമി പ്രാദേശിക നേതാവ് ടി പി അബ്ദുല്‍ നാസറിന്റെ ഭാര്യ ഷെരീഫാ നാസര്‍ 13ാം വാര്‍ഡിലും ഷെമീന സമീര്‍ 14ാം വാര്‍ഡിലും മത്സരിക്കും. ഇരുവരുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനം വെല്‍ഫെയര്‍ പാര്‍ട്ടിയാണ് നടത്തിയത്.

യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പോസ്റ്ററുകളും ഇറക്കി പ്രചാരണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയില്‍ പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളില്‍ യുഡിഎഫ് മത്സരിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിജയമുണ്ടായില്ല. അതുകൊണ്ട് തന്നെ ഈ പഞ്ചായത്തുകളില്‍ ഇത്തവണ സഖ്യമുണ്ടാകില്ല.

Content Highlights: Welfare party and UDF decided to contest together in Malappuram Maranchery panchayath

To advertise here,contact us