മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി? പിഎം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

വിവാദത്തിന് ശേഷമുള്ള ആദ്യ പിബി യോഗത്തിന്റെ ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു സംഭവം

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. പി എം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യത്തോട്, മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സിപിഐഎം പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലാണ് മുഖ്യമന്ത്രി. യോഗത്തില്‍ വിഷയം ചര്‍ച്ചയായോ എന്നായിരുന്നു ചോദ്യം. വിവാദത്തിന് ശേഷമുള്ള ആദ്യ പിബി യോഗത്തിന്റെ ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസമായിരുന്നു പി എം ശ്രീ കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനം അറിയിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചത്. മന്ത്രിമാരായ കെ രാജനും പി പ്രസാദും മന്ത്രിസഭാ യോഗത്തിന് മുമ്പ് മുഖ്യമന്ത്രിയെ കണ്ട് കത്ത് വൈകുന്നതിലുള്ള അത്യപ്തി അറിയിച്ചിരുന്നു. മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ തീരുമാനം കേന്ദ്രത്തെ അറിയിക്കാമെന്ന് കത്തില്‍ പറയുന്നു.

കത്തയച്ചതിന് പിന്നാലെ ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടുവെന്നും കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്നമല്ലെന്നുമായിരുന്നു വി ശിവന്‍കുട്ടിയുടെ പരാമര്‍ശം. വിഷയത്തില്‍ ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഒരു കൂട്ടരുടെ പരാജയവും മറ്റൊരു കൂട്ടരുടെ വിജയവുമായി വിശ്വസിക്കുന്നില്ലെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ പ്രകോപനം ഉണ്ടാക്കുന്നത് പ്രിയപ്പെട്ട സഖാവ് വി ശിവന്‍കുട്ടിയാണെങ്കില്‍ കൂടി പ്രകോപിതരാകാന്‍ സിപിഐ ഇല്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. എല്‍ഡിഎഫ് രാഷ്ട്രീയമാണ് വലുത്. ശിവന്‍കുട്ടി ഇത്രയും പ്രകോപിതനാകാന്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

'പ്രകോപനം ഉണ്ടാക്കാനോ പ്രകോപിതനാകാനോ ഞാനില്ല. അതിന് എന്റെ രാഷ്ട്രീയബോധം എന്നെ അനുവദിക്കുന്നില്ല. ആ രാഷ്ട്രീയബോധം എല്ലാവര്‍ക്കും വേണം. പിഎം ശ്രീയെക്കുറിച്ച് വി ശിവന്‍കുട്ടിയെ എന്തെങ്കിലും പഠിപ്പിക്കാന്‍ ഞാന്‍ ആളല്ല. പി എം ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ എന്തുകൊണ്ടും അര്‍ഹരും അവകാശമുള്ളവരും എംഎ ബേബിയും ഗോവിന്ദന്‍ മാഷുമാണ്. അവര്‍ പഠിപ്പിക്കട്ടെ', എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍.

Content Highlights: P M Shri Controversy CM Pinarayi Vijayan angry

To advertise here,contact us