ഭൂട്ടാൻ വാഹനക്കടത്തിൽ താരങ്ങളെ ചോദ്യം ചെയ്യും;അമിത് ചക്കാലക്കലിന് നോട്ടീസ് അയച്ച് ഇ ഡി, ദുൽഖർ സൽമാനും അയക്കും

താരങ്ങളുടെ വീടുകളിലെ റെയ്ഡിന് പിന്നാലെയാണ് നടപടി

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). നടന്‍ അമിത് ചക്കാലക്കലിന് നോട്ടീസ് അയച്ചു. ദുല്‍ഖര്‍ സല്‍മാന് ഉടന്‍ നോട്ടീസ് അയക്കും. താരങ്ങളുടെ വീടുകളിലെ റെയ്ഡിന് പിന്നാലെയാണ് നടപടി.

മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഓഫീസ്, ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് എന്നിവിടങ്ങളിലും ഒരേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് രേഖകള്‍ പിടച്ചെടുത്തിരുന്നു. ഭൂട്ടാന്‍ വാഹനക്കടത്തില്‍ 'ഓപ്പറേഷന്‍ നുംഖൂര്‍' എന്നപേരില്‍ കസ്റ്റംസ് അന്വേഷണം നടത്തിവരവെയാണ് ഇഡി അന്വേഷണവും.

ഫെമ നിയമലംഘനം നടന്നെന്ന നിഗമനത്തിലായിരുന്നു ഇ ഡി പരിശോധന. വാഹനക്കടത്തുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പും ലഹരിക്കടത്തും സംശയനിഴലിലുള്ളതിനാല്‍ ആദായനികുതി വകുപ്പും എന്‍സിബിയും അന്വേഷണം നടത്തിയേക്കും. അതേസമയം നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നാണ് ദുല്‍ഖര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും താരങ്ങളുടെ വീട്ടില്‍ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദുല്‍ഖറിന് ആശ്വാസ വിധിയായിരുന്നു കോടതിയില്‍ നിന്നുണ്ടായത്.

Content Highlights: ED will questioning Amit Chakkalakkal and Dulquer Salman in Vehicle case

To advertise here,contact us