പിഎം ശ്രീ;കത്തയയ്ക്കുമോ എന്നത് മാധ്യമങ്ങളുടെ മാത്രം ആശങ്ക, സിപിഐഎം എന്താണെന്ന് സിപിഐക്ക് അറിയാം':ബിനോയ് വിശ്വം

'സിപിഐഎം എന്തെല്ലാം ചെയ്യുമെന്നും സിപിഐക്ക് അറിയാം. ഇത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയം'

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കത്തയക്കുമോ, തീരുമാനമുണ്ടാകുമോ എന്നതെല്ലാം മാധ്യമങ്ങളുടെ മാത്രം ആശങ്കയായിരുന്നു എന്നും എല്‍ഡിഎഫിന്റെ രാഷ്ട്രീയം എന്താണെന്ന് സിപിഐയ്ക്ക് അറിയാമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

'സിപിഐഎം എന്തെല്ലാം ചെയ്യുമെന്ന് സിപിഐക്ക് അറിയാം. ഇത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണ്. സിപിഐക്കും സിപിഐഎമ്മിനും ഈ വഴിയല്ലാതെ മറ്റ് വഴികളില്ല. ഇത് ആര്‍എസ്എസ് അജണ്ടയ്ക്ക് എതിരായ വിജയമാണ്. എല്‍ഡിഎഫില്‍ എല്ലാവര്‍ക്കും അഭിമാനമുണ്ട്', ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീയിൽ പഠനം നടത്തുന്ന സബ് കമ്മിറ്റി അതിന്റെ വഴിക്ക് പോകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

പി എം ശ്രീ കരാറിലെ തുടർനടപടികൾ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കേരളം കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ സർക്കാർ നിർബന്ധിതമായത്. മന്ത്രിസഭാ ഉപസമിതിയെ വിഷയം പഠിക്കാന്‍ നിയോഗിച്ചതായും കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നുണ്ട്.

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച ധാരണപത്രം മരവിപ്പിക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കേന്ദ്രത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്ര വിഭ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രദാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശിവൻകുട്ടി ഇക്കാര്യം അറിയിച്ചത്.

പദ്ധതി മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാത്തതില്‍ സിപിഐക്ക് അതൃപ്തി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ കത്ത് നല്‍കുന്നത് വൈകിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. നിയമോപദേശം ലഭിച്ചാല്‍ ഉടന്‍ കത്തയയ്ക്കാം എന്നായിരുന്നു ശിവന്‍കുട്ടിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് പിഎം ശ്രീയില്‍ നിന്ന് പിന്മാറുന്നു എന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്.

Content Highlight; CPI State Secretary Binoy Viswam reacts to freeze of PM SHRI scheme

To advertise here,contact us