കരാര്‍ നവംബര്‍ 30 വരെ; നിര്‍മാണം പൂര്‍ത്തിയാക്കി കലൂര്‍ സ്റ്റേഡിയം ഉടന്‍ തിരിച്ചുനല്‍കും: ആന്റോ അഗസ്റ്റിന്‍

സ്റ്റേഡിയത്തിലെ ഓരോ നിര്‍മാണവും ജിസിഡിഎയുടെയും എസ്‌കെഎഫിന്റെയും അനുമതിയോടെയാണെന്നും ആൻ്റോ അഗസ്റ്റിൻ

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്ററും എംഡിയുമായ ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീനയുടെ മത്സരം മാറ്റിവച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കും. നിര്‍മാണം പൂര്‍ത്തിയാക്കി മത്സരം നടത്താനുള്ള കരാര്‍ നവംബര്‍ 30 വരെയാണ്. അതിന് മുന്‍പ് പണി പൂര്‍ത്തിയാക്കി സ്റ്റേഡിയം കൈമാറും. സ്റ്റേഡിയത്തിലെ ഓരോ നിര്‍മാണവും ജിസിഡിഎയുടെയും എസ്‌കെഎഫിന്റെയും അനുമതിയോടെയാണ്. ഫിഫ നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. കലൂര്‍ സ്റ്റേഡിയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റേഡിയത്തില്‍ എഴുപത് കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. രാജ്യാന്തര നിലവാരത്തിലാണ് പുനര്‍നിര്‍മാണം. സ്റ്റേഡിയത്തെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കസേരകള്‍ മുഴുവന്‍ മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റേഡിയം മുഴുവന്‍ പെയിന്റ് ചെയ്തു. രാജ്യാന്തര നിലവാരത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനിങ് മറ്റൊരു ഭാഗത്ത് കൂടി നടക്കുന്നുണ്ട്. ബാത്‌റൂമുകള്‍ ഉള്‍പ്പെടെ മാറ്റിപ്പണിയുകയാണ്. സ്റ്റേഡിയത്തില്‍ 38 എര്‍ത്തുകളുടെ ആവശ്യമുണ്ട്. ഇവിടെ ഒരു എര്‍ത്ത് പോലുമില്ല എന്നതാണ് വാസ്തവം. ഒരു എര്‍ത്തിന് ഒരു കോടി രൂപയെങ്കിലും ആവശ്യമായി വരും. അത് ഉടന്‍ സ്ഥാപിക്കും. ഇതടക്കമുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

കൊച്ചി സ്‌റ്റേഡിയത്തിന് ഫിഫ അപ്രൂവല്‍ ലഭിക്കുക എന്നതിനാണ് പ്രാധാന്യം. അതിനായാണ് മുന്നിട്ടിറങ്ങിയത്. ലായം കൊയ്യാന്‍ ഉദ്ദേശമില്ല. കേരളത്തില്‍ പണം മുടക്കുന്നവരെ ലാഭം കൊയ്യുന്നവരായാണ് ചിലര്‍ കാണുന്നത്. കളി നടന്നില്ലെങ്കില്‍ നഷ്ടമുണ്ടാകാം. സ്റ്റേഡിയത്തിന്റെ പണിയില്‍ അപാകതയുണ്ടെങ്കില്‍ മാധ്യമങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാം. ജിസിഡിഎയുടെ കീഴിലുള്ള സ്റ്റേഡിയമാണ്. പണം മുടക്കുന്നു എന്നല്ലാതെ മറ്റൊന്നുമില്ല. എസ്‌കെഎഫാണ് തന്നെ സമീപിച്ചത്. സ്റ്റേഡിയം നവീകരിക്കുന്ന എന്നതാണ് ലക്ഷ്യം. സ്റ്റേഡിയത്തിന്റെ വര്‍ക്ക് നിര്‍ത്തിവെച്ചിട്ടില്ല. ഫിഫ നിര്‍കര്‍ഷിക്കുന്ന നിലവാരത്തില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ ഫിഫയുടെ അപ്രൂവല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി

നവംബര്‍ പതിനേഴിന് മത്സരം നടത്തുന്നതിന് വേണ്ടി സ്റ്റേഡിയം നവീകരിക്കുമെന്നാണ് നേരത്തേ പറഞ്ഞത്. സ്റ്റേഡിയം നവീകരിക്കുന്നതിന് ആര്‍ക്കാണ് നഷ്ടമെന്ന് ആന്റോ അഗസ്റ്റിന്‍ ചോദിച്ചു. സ്റ്റേഡിയം നവീകരിക്കുന്നു എന്ന് കരുതി തന്റെ പേരില്‍ എഴുതി നല്‍കില്ല. മെസി വരില്ലെന്ന് പറഞ്ഞ് ഒരു കൂട്ടം മാധ്യമങ്ങള്‍ ആഘോഷിക്കുന്നു.അടുത്ത വിന്‍ഡോയിലേക്ക് കളി മാറ്റിവെയ്ക്കുമെന്നാണ് പറഞ്ഞത്. അര്‍ജന്റീന ടീമിനെ കൊണ്ടുവരില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കില്‍ അങ്ങനെ നടക്കട്ടെയെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

നാടിന് എന്തെങ്കിലും ഗുണം ഉണ്ടാകുന്ന കാര്യം ചെയ്യണമെന്ന് കരുതിയാണ് ഇതിലേക്ക് ഇറങ്ങിയത്. മെസിയുടെയും സംഘത്തിന്റെയും കേരളത്തിലേക്കുള്ള വരവിനായി 130 ലധികം കോടി ഇതിനകം ചെലവഴിച്ചു. ആ പണം അര്‍ജന്റീന തിരികെ നല്‍കാത്ത സാഹചര്യമില്ല. ആ രീതിയിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. വിഷയത്തില്‍ വിവാദമുണ്ടാക്കാനില്ല. നാടിന്റെ വികനത്തിന് ഉണ്ടാകുന്ന നേട്ടത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ കഴിയില്ല. പ്രോട്ടോക്കോള്‍ പാലിച്ചോ ഇല്ലയോ എന്ന് നോക്കേണ്ട കാര്യമില്ല. ചെയ്ത കാര്യങ്ങള്‍ക്കെല്ലാം തന്റെ കൈവശം രേഖകളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. മെസിയെ മാത്രം കൊണ്ടുവന്നാലോ എന്ന് ആലോചിക്കുന്നുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മെസിയെ മാത്രം കൊണ്ടുവരും. മാര്‍ച്ച് വരെ സമയമുണ്ട്. സര്‍ക്കാരിന് താത്പര്യമുണ്ടെങ്കില്‍ നടക്കട്ടെയെന്നും ആന്റോ അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- Reporter tv md anto agustine on kaloor stadium innovation

To advertise here,contact us