പാലക്കാട് BJPയിൽ തമ്മിലടി, നഗരസഭ ചെയർപേഴ്സനെ അറിയിക്കാതെ പരിപാടിയുടെ ഉദ്ഘാടനം നടത്തി സി കൃഷ്ണകുമാർ, പരാതി

സി കൃഷ്ണകുമാർ മനഃപൂർവ്വം മാറ്റി നിർത്തുകയാണെന്ന് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് ബിജെപിയിൽ ഭിന്നതയും തമ്മിലടിയും രൂക്ഷം. വിഭാഗീയതയുടെ ഭാഗമായി നഗരസഭ അധ്യക്ഷ, വൈസ് ചെയർമാൻ ഉൾപ്പടെയുള്ളവരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പരിപാടികളിൽനിന്ന് മാറ്റിനിർത്തുന്നുവെന്നാണ് പരാതി. കൃഷ്ണകുമാർ മനഃപൂർവ്വം മാറ്റി നിർത്തുകയാണെന്ന് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.

ചെയർപേഴ്‌സണേയും വൈസ് ചെയർമാനേയും അറിയിക്കാതെ നഗരസഭ പദ്ധതികളുടെ ഉദ്ഘാടനമാണ് സി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയത്. ഇന്നലെ പാലക്കാട് നഗരസഭാ പരിധിയിൽ പി ടി ഉഷ എം പിയെ പങ്കെടുപ്പിച്ച് രണ്ട് ഉദ്ഘാടന ചടങ്ങാണ് നടന്നത്. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച അങ്കണവാടിയുടെയും കൊപ്പത്തെ ബയോ മെഡിക്കൽ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും. എന്നാൽ ഈ ചടങ്ങിൽ പങ്കെടുത്തത് സി കൃഷ്ണകുമാറും ഭാര്യയും നരഗസഭാ അംഗവുമായ മിനി കൃഷ്ണകുമാറും ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനും ഏതാനും ചില നേതാക്കളും മാത്രമാണ്. നഗരസഭ അധ്യക്ഷയായ പ്രമീള ശശിധരനെയോ ഉപാധ്യക്ഷൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെയോ പരിപാടിയിലേക്ക് ക്ഷണിച്ചില്ല.

ഇതോടെ വിഭാഗീയതയുടെ ഭാഗമായി സി കൃഷ്ണകുമാർ തങ്ങളെ പരിപാടികളിൽ നിന്ന് ഒഴിവാക്കുകയാണെന്ന് നഗരസഭ അധ്യക്ഷ ആരോപിച്ചു. നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾപോലും വാർഡുകളിലെ പരിപാടികളിലേക്ക് ക്ഷണിക്കാറുണ്ടെന്നും കൃഷ്ണകുമാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി മനഃപൂർവ്വം സൃഷ്ടിക്കുകയാണെന്നും പ്രമീള ശശിധരൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ ഫോണിൽ വിളിച്ചറിയിച്ചു.

എന്നാൽ കൊപ്പത്ത് വാർഡ് വികസന സമിതിയുടെ പരിപാടി ആയതിനാലാണ് ഭരണനേതൃത്വത്തെ അറിയിക്കാതിരുന്നതെന്നും അങ്കണവാടി ഉദ്ഘാടനം നഗരസഭയിൽ അറിയിച്ചിട്ടുണ്ടെന്നുമാണ് കൃഷ്ണകുമാർ പക്ഷക്കാരായ സംഘാടകരുടെ വിശദീകരണം.

Content Highlights: issues in palakkad bjp, prameela sasidharan against c krishnakumar

To advertise here,contact us