ആർഎസ്എസിന്റെ വർഗീയ രാഷ്ട്രീയത്തെ നേർക്കുനേർ നിന്ന് പ്രതിരോധിക്കാൻ ലീഗിന്റെ രാഷ്ട്രീയത്തിനാവില്ല: എം ശിവപ്രസാദ്

അധികാരക്കസേരക്ക് ചുറ്റും വട്ടമിട്ട് പറക്കാന്‍ അല്ലാതെ മുസ്‌ലിം ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ലീഗിന് സാധിക്കില്ലെന്നും ശിവപ്രസാദ്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ്. ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ നേര്‍ക്കുനേര്‍ നിന്ന് പ്രതിരോധിക്കാന്‍ ലീഗിന്റെ രാഷ്ട്രീയത്തിന് ആവില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'കുഞ്ഞാലിക്കുട്ടി സാഹിബ് പ്രതിപക്ഷ നേതാവാകാനുള്ള തത്രപ്പാടില്‍ ഇന്ന് പറഞ്ഞത് ഗംഭീരമായിട്ടുണ്ട്! എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ കാണിക്കുന്ന ആര്‍ജ്ജവത്തിന്റെ പത്തിലൊന്ന് ആ പെണ്‍കുട്ടിക്ക് വേണ്ടി നിലപാട് സ്വീകരിക്കാന്‍ കാണിച്ചിട്ടാണ് ഇത് പറഞ്ഞതെങ്കില്‍ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടില്ലായിരുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ മുസ്ലിം ലീഗിന്റെ കേരളത്തിലെ പരിമിതി', അദ്ദേഹം പറഞ്ഞു.

അധികാരക്കസേരക്ക് ചുറ്റും വട്ടമിട്ട് പറക്കാന്‍ അല്ലാതെ മുസ്‌ലിം ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ലീഗിന് സാധിക്കില്ലെന്നും ഈ പരിമിതി മറച്ചു വെയ്ക്കാനാണ് ഇപ്പോള്‍ എല്‍ഡിഎഫിനെതിരെ ആരോപണവുമായി ഇറങ്ങിയിരിക്കുന്നതെന്നും ശിവപ്രസാദ് പറഞ്ഞു. 'ഇനി മുസ്‌ലിം ലീഗും കുഞ്ഞാലിക്കുട്ടി സാഹിബും മറുപടി പറയേണ്ട ഒരു വിഷയമുണ്ട്. ലീഗ് കൂടിയുള്ള യുഡിഎഫ് മുന്നണിയുടെ ഭാഗമായ എറണാകുളം എംപി ശ്രീ ഹൈബി ഈഡന്‍ ഈ വിഷയത്തില്‍, കുട്ടി ഹിജാബില്ലാതെ എത്താം എന്ന ഒത്തുതീര്‍പ്പിന് മുതിർന്നത് കോണ്‍ഗ്രസ് തീരുമാനമാണോ അതോ നിങ്ങളും കൂടി ചേര്‍ന്നെടുത്ത തീരുമാനമോ? ഈ ചോദ്യത്തിന് ആദ്യം മറുപടി പറഞ്ഞിട്ട് വേണം ആരോപണവുമായി ഇറങ്ങാന്‍!', ശിവപ്രസാദ് പറഞ്ഞു.

ഹിജാബ് വിഷയത്തില്‍ ആദ്യം അഭിപ്രായം പറയാതിരുന്നത് ചില ഛിദ്ര ശക്തികള്‍ ഇടപെടുന്നുവെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് കുഞ്ഞാലിക്കുട്ടി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പക്ഷെ അത് വന്നുപതിച്ചത് ഒരു വിദ്യാര്‍ത്ഥിയുടെ പഠനം മുടങ്ങുന്നതിലാണെന്നും ഇത്തരം വിഭാഗീയ പ്രവര്‍ത്തനം വിജയിക്കാന്‍ പാടില്ലാത്തതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് സ്‌കൂളില്‍ ഉണ്ടായ പ്രശ്നം. കേരളത്തിന് അപമാനകരമാണ്. നിയമം മാത്രം നോക്കിയാല്‍ പോരല്ലോ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാട് ആണല്ലോ വേണ്ടതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഛത്തീഗ്ഢിലെ കാര്യം നമ്മള്‍ പറയുമ്പോള്‍ നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെയൊരു ഉദാഹരണം ഉണ്ടായത് നാണക്കേടാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിയമം നോക്കിയല്ല ഇങ്ങനെയുള്ള വിഷയങ്ങള്‍ പോകുന്നത്. മറിച്ച് ഒരു ഗിവ് ആന്‍ഡ് ടേക്ക് പോളിസിയില്‍ പോകേണ്ട കാര്യമാണ്. ഭരിക്കുന്ന സര്‍ക്കാര്‍ വിദ്യാര്‍ത്ഥിയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തിയെന്നും എന്നാല്‍ അതുകൊണ്ട് കാര്യമില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ പഠനം മുടങ്ങിയില്ലേ. ഓപ്പറേഷന്‍ സക്സസ്, പക്ഷെ രോഗി മരിച്ചു അതാണ് അവസ്ഥയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുട്ടിയെ ക്ലാസില്‍ ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സ്‌കൂള്‍ നിയമങ്ങള്‍ പാലിച്ച് വന്നാല്‍ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞത്. എന്നാല്‍ വിദ്യാര്‍ത്ഥി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെന്ന് പിതാവ് അറിയിച്ചു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്.

Content Highlights: Hijab controversy SFI leader M Sivaprasad against Muslim League

To advertise here,contact us