കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തില് നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. സംസ്ഥാനത്ത് വിദ്യാര്ത്ഥികളുടെ അവകാശങ്ങള് ഹനിക്കാന് ഒരു സ്കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സെന്റ് റീത്താസ് സ്കൂളില് ശിരോവസ്ത്രം ധരിച്ചതിന്റെ പേരില് വിദ്യാര്ത്ഥിനിയെ ക്ലാസില് നിന്ന് മാറ്റി നിര്ത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണെന്ന് മന്ത്രി പറഞ്ഞു. ഒരു കുട്ടിയെ വിദ്യാലയത്തില് നിന്ന് അകറ്റി നിര്ത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നില്ക്കലാണെന്നും സര്ക്കാര് ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
മന്ത്രി വി ശിവന്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണ രൂപം;
സംസ്ഥാനത്ത് വിദ്യാര്ത്ഥികളുടെ അവകാശങ്ങള് ഹനിക്കാന് ഒരു സ്കൂളിനെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കാന് ആഗ്രഹിക്കുകയാണ്. കൊച്ചി സെന്റ് റീത്താസ് സ്കൂളില് ശിരോവസ്ത്രം ധരിച്ചതിന്റെ പേരില് വിദ്യാര്ത്ഥിനിയെ ക്ലാസില് നിന്ന് മാറ്റി നിര്ത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണ്. ഒരു കുട്ടിയെ വിദ്യാലയത്തില് നിന്ന് അകറ്റി നിര്ത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നില്ക്കലാണ്. സര്ക്കാര് ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരിലോ വ്യക്തിപരമായ ഇഷ്ടങ്ങളുടെ പേരിലോ ഒരു കുട്ടിക്കും ആ അവകാശം നിഷേധിക്കപ്പെടാന് പാടില്ല. ക്ലാസില് നിന്ന് പുറത്താക്കപ്പെട്ട ആ കുഞ്ഞ് അനുഭവിച്ച മാനസിക സമ്മര്ദ്ദം വളരെ വലുതായിരിക്കും. സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നിലപാടാണ് ആ കുഞ്ഞിനെ സമ്മര്ദ്ദത്തിലാക്കിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ തുല്യ ഉത്തരവാദിത്വമുള്ള വിഷയമാണ്. കേരളത്തിലെ വിദ്യാലയങ്ങള് രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള നിയമങ്ങള്ക്കും ചട്ടങ്ങള്ക്കും അനുസൃതമായി വേണം പ്രവര്ത്തിക്കാന്. ഭരണഘടന ഉറപ്പുനല്കുന്ന വിദ്യാര്ത്ഥികളുടെ മൗലിക അവകാശങ്ങളില് കടന്നുകയറാനോ അതിനെതിരായി സ്വന്തം ചട്ടങ്ങള് ഉണ്ടാക്കാനോ ഒരു സ്കൂള് മാനേജ്മെന്റിനും അധികാരമില്ല.
എല്ലാവരെയും ഉള്ക്കൊള്ളുന്നതും മതേതര മൂല്യങ്ങള് ഉയര്ത്തിപ്പിടിക്കുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഒരു നടപടിയും സര്ക്കാര് വെച്ചുപൊറുപ്പിക്കില്ല.
സെന്റ് റീത്താസ് സ്കൂളില് ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാര്ത്ഥിയെ പുറത്തുനിര്ത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില് പരാതി നല്കുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്ട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില് കുട്ടിയെ ക്ലാസില് ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്ട്ടില് പറഞ്ഞത്. സ്കൂള് നിയമങ്ങള് പാലിച്ച് വന്നാല് കുട്ടിക്ക് വിദ്യാഭ്യാസം നല്കാന് തയ്യാറാണെന്നായിരുന്നു പ്രിന്സിപ്പല് പറഞ്ഞത്. സ്കൂളിന്റെ നിബന്ധന അനുസരിച്ച് കുട്ടി വന്നാല് ആദ്യ ദിനത്തില് എന്ന പോലെ വിദ്യ നല്കാന് തയ്യാറാണ്. സ്കൂള് നിയമം അനുസരിച്ച് വിദ്യാര്ത്ഥി വന്നാല് സ്വീകരിക്കും. സര്ക്കാരിനെയും നിയമത്തെയും അനുസരിച്ചാണ് ഇതുവരെ മുന്നോട്ട് പോയത് എന്നും പ്രിന്സിപ്പൽ പറഞ്ഞു.
എന്നാൽ വിദ്യാര്ത്ഥി സെന്റ് റീത്താസ് സ്കൂളിലെ പഠനം ഉപേക്ഷിക്കാനൊരുങ്ങുകയാണെന്ന് പിതാവ് അറിയിച്ചു. സ്കൂളില് നിന്നും വിടുതല് സര്ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്. ഹിജാബുമായി ബന്ധപ്പെട്ട വിവാദം കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സെന്റ് റീത്താസ് സ്കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നുമാണ് പിതാവ് അറിയിച്ചത്. പുതിയ സ്കൂളില് പഠനം തുടരും.
Content Highlight; V Sivankutty reacts to hijab controversy in Kochi