ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ഹൈദരാബാദിലേക്കും; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്യും

നാഗേഷിന്റെ സഹായത്തോടെ പോറ്റി സ്വര്‍ണം മോഷ്ടിച്ചെന്നാണ് സംശയം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയിൽ അന്വേഷണം ഹൈദരാബാദിലേക്കും. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിലേക്കാണ് അന്വേഷണം നീളുന്നത്. ഹൈദരാബാദില്‍ സ്വര്‍ണപ്പണി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാണ് നാഗേഷ്. നാഗേഷിന്റെ സഹായത്തോടെ പോറ്റി സ്വര്‍ണം മോഷ്ടിച്ചെന്നാണ് സംശയം. ബെംഗളൂരുവില്‍ നിന്ന് പാളികള്‍ കൊണ്ടുപോയത് നാഗേഷിന്റെ സ്ഥാപനത്തിലേക്കാണ്. ഒരു മാസത്തോളം നാഗേഷ് സ്വര്‍ണം കൈയില്‍ വെച്ചു. സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചതും നാഗേഷാണ്. ഇതുപ്രകാരം നാഗേഷിനെ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം അന്വേഷണ പുരോഗതി വിലയിരുത്താന്‍ സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്‌ഐടി തലവന്‍ എഡിജിപി എച്ച് വെങ്കടേഷ് ശബരിമല സന്ദര്‍ശിക്കും. ഇന്നോ നാളെയോയായിരിക്കും സന്ദര്‍ശനം. സന്നിധാനത്ത് തുടരുന്ന എസ്‌ഐടി അംഗങ്ങളെ കാണും. എസ്‌ഐടി ശേഖരിച്ച രേഖകളും പരിശോധിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ വരവിന്റെ ക്രമീകരണങ്ങളും വിലയിരുത്തും.

ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെയും വാതില്‍പടിയിലെയും സ്വര്‍ണ മോഷണത്തില്‍ പ്രത്യേകം എഫ്ഐആറുകളാണ് എസ്‌ഐടി രജിസ്റ്റര്‍ ചെയ്തത്. ഇരു കേസുകളിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെയാണ്. ദ്വാരപാലക ശിൽപത്തിലെ സ്വർണം കടത്തിയ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറമേ ഒന്‍പത് ദേവസ്വം ജീവനക്കാരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കവര്‍ച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വാതിൽപടിയിലെ സ്വർണമോഷണത്തിൽ ദേവസ്വം ബോർഡിനെ അടക്കം പ്രതി ചേർത്തിട്ടുണ്ട്.

ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശരിധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. രണ്ട് സമയങ്ങളിലായിരുന്നു ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാതില്‍പ്പാളിയിലെ സ്വര്‍ണം 2019 മാര്‍ച്ചില്‍ കടത്തിക്കൊണ്ടുപോയി ഉരുക്കിയതായാണ് കരുതപ്പെടുന്നത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം 2019 ഓഗസ്റ്റില്‍ കവര്‍ന്നതായും കരുതപ്പെടുന്നു. ഇതിലാണ് എസ്‌ഐടി സംഘം വിശദമായ അന്വേഷണം നടത്തുക.

Content Highlights: Sabarimala Gold case investigation to be taken to Hyderabad

To advertise here,contact us