'സർ തത്കാലം ചിലയ്ക്കരുത്, താൻ വലതുപക്ഷത്തിന്റെ വെറും കീലേരി വാസുവാണ്'; ജി സുധാകരനെതിരെ വീണ്ടും സൈബർ ആക്രമണം

സുധാകരന്റെ കുടുംബത്തെ അടക്കം അധിക്ഷേപിച്ചാണ് ഫേസ്ബുക്ക് പോസ്റ്റുകൾ

ആലപ്പുഴ: കോൺഗ്രസ്‌ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ വീണ്ടും സൈബർ ആക്രമണം. സുധാകരന്റെ കുടുംബത്തെ അടക്കം അധിക്ഷേപിച്ചാണ് ഫേസ്ബുക്ക് പോസ്റ്റുകൾ. രക്തസാക്ഷിയുടെ സഹോദരനല്ലായിരുന്നെങ്കിൽ മറ്റൊരു പേര് വിളിച്ചേനെ എന്നാണ് അധിക്ഷേപം. സുധാകരനെതിരെ ഫേസ്ബുക്കിൽ തെറി വിളിയുമുണ്ടായി. ആലപ്പുഴയിൽ നടന്ന കെപിസിസിയുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സൈബർ ആക്രമണം. അനിഷ് പിഎസ് എന്ന പ്രൊഫൈലിൽ നിന്ന് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

'മിസ്റ്റർ ജി സുധാകരൻഭുവനേശ്വരൻ സഖാവിന്റെ രക്തസാക്ഷിത്വം ഉണ്ടായിരുന്നില്ലേൽ ഈ നേരത്തിനകം നിങ്ങളുടെ കുടുംബത്തെ ഒന്നടങ്കം വിളിക്കുന്ന ഭാഷ പണ്ടേക്ക് പണ്ടേ മാറിയേനെ"സഖാവിന് " പകരം സാർ പദവി ആഗ്രഹിച്ച് സ്വയം അലങ്കരിച്ച വെറും വലതുപക്ഷ ചിന്താഗതിക്കാരൻ മാത്രമാണ് താൻ. സാർ പറയും പോലെ നിൽക്കാത്ത വനിതാ സഖാവിന്റെ മണ്ഡലത്തിൽ NH ൽ അടക്കം കുത്തി തിരുപ്പ് നടത്തി അവരെ തോൽപ്പിക്കാൻ കഷ്‌ടപ്പെട്ട് തോറ്റവനാണ് താൻ.സ്വന്തം മണ്ഡലത്തിൽ തനിക്ക് പകരം സ്ഥാനാർത്ഥിയെ നിത്തിയപ്പോൾ താൻ വെറും സ്ഥാനാ"ർത്തി" ആകാൻ മതം കൂട്ടികെട്ടിയവനാണ്.ഇന്ന് താൻ വെറും പാർട്ടി അംഗമാണ്. ഈ മേലെഴുതിയത് എല്ലാം കേട്ടറിവാണ് - പക്ഷേ തന്റെ ഈയടുത്ത കാലത്തെ ചൊരുക്കിന്റെ കാരണം അന്വേഷിച്ച് പാഴൂർ പടിപ്പുരയിലേക്കൊന്നും പോകണ്ട. താനെന്ന വലതുപക്ഷക്കാരന്റെ തീർത്താൽ തീരാത്ത കറയാണ് സഖാവ് ഓമനക്കുട്ടനെ അപമാനിച്ചതും പിന്നീട് തൻ്റെ അവിഞ്ഞ നാടകവും. സോ സുധാകരൻ സാർ തത്കാലം ചിലയ്ക്കരുത്. താൻ വലതുപക്ഷത്തിന്റെ വെറും കീലേരി വാസുവാണ്. കൈയിൽ വച്ചാൽ മതി. ആ പൂച്ചയേയും എടുത്ത് വച്ചോ. ചാടി പോകാതെ…

കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ കണ്ണടച്ച് നടക്കേണ്ടതുണ്ടോ എന്ന് ജി സുധാകരന്‍ കെപിസിസി വേദിയിൽ ചോദിച്ചിരുന്നു. കോണ്‍ഗ്രസ് വേദിയിലായാലും തനിക്ക് അഭിപ്രായം പറയുന്നതിന് തടസമൊന്നുമില്ലെന്നും പ്രസംഗിക്കാന്‍ വരുന്നവരെയൊക്കെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ആരെങ്കിലും നോക്കുമോ എന്നും സുധാകരന്‍ ചോദിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ കമ്മ്യൂണിസ്റ്റുകാരെ മാത്രമേ കാണൂ, കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ കണ്ണടയ്ക്കണം, വഴിയില്‍ വീണാലും കുഴപ്പമില്ല. കണ്ണടയ്ക്കണം എന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വ്യത്യസ്ത ആശയങ്ങള്‍ തമ്മിലുളള അനുരഞ്ജനം എവിടെയാണെന്നും ജി സുധാകരന്‍ ചോദിച്ചിരുന്നു. ഒരു വീട്ടില്‍ തന്നെ പല പാര്‍ട്ടിക്കാര്‍ കാണും. അവര്‍ പരസ്പരം മിണ്ടാതിരിക്കുന്നത് നടക്കുന്ന കാര്യമല്ല. അങ്ങനെ നടക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: cyber attack against g sudhakaran

To advertise here,contact us