മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം; 14കാരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, കേസെടുത്ത് പൊലീസ്

പ്രതിശ്രുത വരനും വീട്ടുകാർക്ക് പുറമെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത പത്തുപേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം. സംഭവത്തിൽ പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ വിവാഹ നിശ്ചയമാണ് കഴിഞ്ഞ ദിവസം നടന്നത്.

പ്രതിശ്രുത വരനും വീട്ടുകാർക്ക് പുറമെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത പത്തുപേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. ഇന്നലെ വിവാഹ നിശ്ചയം നടക്കുന്നതറിഞ്ഞ് കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു. മുമ്പ് ശൈശവ വിവാഹത്തിന് പൊലീസ് കേസെടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും അടുത്തകാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നില്ല.

ഇതിനിടെയാണ് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം നടന്നത്. പരിസരവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിഞ്ഞത്. 14കാരിയെ പ്രായപൂർത്തിയായ യുവാവാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Content Highlights: child marriage attempt at malappuram

To advertise here,contact us