'ആരും ബാഗ് എടുക്കരുത്'; ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ്, സംശയം, പിടികൂടിയത് നാല് കിലോ കഞ്ചാവ്

അവശനിലയിലായിരുന്ന ശരത് മോഹനെ എക്‌സൈസ് സംഘം ആദ്യം ഊക്കന്‍മുക്കിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു

കൊല്ലം: ശാസ്താംകോട്ടയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവില്‍ നിന്ന് കഞ്ചാവ് പിടികൂടി.നാലു കിലോഗ്രം കഞ്ചാവാണ് പിടികൂടിയത്.വടക്കേവിള പട്ടത്താനം പൂവക്കാട് തൊടിയില്‍ വീട്ടില്‍ ശരത് മോഹ(26) ൻ്റെ ബാഗില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊല്ലം തേനി ദേശീയപാതയില്‍ ശാസ്താംകോട്ട പുന്നമൂട് ജങ്ഷനു വടക്ക് കുരിശ്ശടിക്കുമുന്നില്‍ ബുധനാഴ്ചയാണ് അപകടം ഉണ്ടായത്.

ഭരണിക്കാവ് ഭാഗത്തുനിന്നുവന്ന ശരത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് കാല്‍നടയാത്രക്കാരെ തട്ടി മറിയുകയായിരുന്നു. അപകടത്തില്‍ കാല്‍ ഒടിഞ്ഞുതൂങ്ങിയ യുവാവ് ബാഗ് മറ്റാരും എടുക്കാന്‍ അനുവദിക്കാതെ കൈപ്പിടിയില്‍ വെയ്ക്കുകയും സമീപത്തുണ്ടായിരുന്ന യുവാക്കളോട് രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതോടെ കൂടിനിന്നവര്‍ക്ക് സംശയം ഉണ്ടായെങ്കിലും അവര്‍ ഓട്ടോറിക്ഷയില്‍ കയറ്റി സമീപത്തെ ആശുപത്രിയിലേക്ക് വിടുകയായിരുന്നു.

എന്നാല്‍ അവിടേക്കു പോകാതെ കൊല്ലം ഭാഗത്തേക്ക് വിടാന്‍ ഡൈവറോട് ആവശ്യപ്പെട്ടു. അതോടെ അസ്വാഭാവികത തോന്നിയ യുവാക്കള്‍ പിന്നാലെയെത്തി പുന്നമൂട്ടില്‍വെച്ച് ഓട്ടോ തടയുകയായിരുന്നു. തുടർന്ന് യുവാവ് ഇറങ്ങി നടന്ന് ബസ് സ്‌റ്റോപ്പില്‍ കയറി കിടക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞു. തടിച്ചുകൂടിയവര്‍ ശാസ്താംകോട്ട പൊലീസിനെയും എക്‌സൈസ് സംഘത്തെയും വിവരം അറിയിക്കുകയായിരുന്നു.

എക്‌സൈസ് സംഘമെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് കെട്ടുകളിലായി നാലു കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്.അവശനിലയിലായിരുന്ന ശരത് മോഹനെ എക്‌സൈസ് സംഘം ആദ്യം ഊക്കന്‍മുക്കിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ എക്‌സൈസ് സുരക്ഷയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

കൊല്ലത്ത് ചില്ലറവില്‍പ്പനയ്ക്കു കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പാലക്കാട് ജില്ലയില്‍ എംഡിഎംഎ കേസില്‍ ജയില്‍വാസം കഴിഞ്ഞിറങ്ങിയതാണ് ശരത് മോഹനെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈശാഖ് പിള്ള അറിയിച്ചു. ഇയാളില്‍നിന്ന് എടിഎം കാര്‍ഡുകളും നാല് ക്യുആര്‍ കോഡ് സ്‌കാനറുകളും കണ്ടെടുത്തു. കഞ്ചാവ് വില്‍പ്പന ഇടപാടുകള്‍ ഓണ്‍ലൈന്‍വഴിയാണ് പ്രതി നടത്തുന്നതെന്ന് എക്‌സൈസ് അറിയിച്ചു. കണ്ടെടുത്ത കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlight : Four kilos of ganja seized from young man seriously injured in bike accident

To advertise here,contact us