ശബരിമല സ്വര്‍ണപ്പാളി വിവാദം: മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ സി വേണുഗോപാല്‍ എംപി

'സര്‍ക്കാരിന്റെ കളളക്കളി പുറത്തുവരേണ്ടതുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഏജന്‍സികള്‍ അന്വേഷിച്ചാല്‍ സത്യങ്ങള്‍ പുറത്തുവരില്ല': കെ സി വേണുഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ആസൂത്രിതമായ കുറ്റകൃത്യമാണ് ശബരിമലയില്‍ നടന്നതെന്നും അയ്യപ്പനെ വില്‍പ്പനച്ചരക്കാക്കിയോ എന്നതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. '1999-ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയ ദ്വാരപാലകര്‍ 2019-ല്‍ അഴിച്ചെടുക്കുമ്പോള്‍ എങ്ങനെ ചെമ്പായി മാറി? ബന്ധപ്പെട്ട രേഖകള്‍ എങ്ങനെയാണ് നഷ്ടപ്പെട്ടത്? വിശ്വാസത്തെയും വിശ്വാസികളെയും സര്‍ക്കാര്‍ ഒറ്റുകൊടുക്കുകയാണ്. ഈ വഞ്ചന അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ കളളക്കളി പുറത്തുവരേണ്ടതുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഏജന്‍സികള്‍ അന്വേഷിച്ചാല്‍ സത്യങ്ങള്‍ പുറത്തുവരില്ല': കെ സി വേണുഗോപാല്‍ പറഞ്ഞു.

സ്വർണപ്പാളി വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചീഫ് വിജിലൻസ് ഓഫീസര്‍ വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതി നിർദേശിച്ചത്. ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപാളിയിൽ സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങൾ നിലനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അന്വേഷണത്തിന് നിർദേശം നൽകിയത്. അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങൾ ആർക്കും കൈമാറരുതെന്നും കോടതി നിർദേശിച്ചിരുന്നു.

അതേസമയം, താന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയിട്ടില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍ പറഞ്ഞു. അന്ന് ഒരു അഴിമതിയും നടന്നിട്ടില്ലെന്നും എന്‍എസ്എസുകാര്‍ പോലും പിന്തുണച്ചിരുന്നെന്നും ജി സുധാകരന്‍ പറഞ്ഞു. അയ്യപ്പനെപ്പോലും സുരക്ഷിതമായി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരി മണ്ഡലമാണെന്നും രാഷ്ട്രീയ സംരക്ഷണമില്ലായിരുന്നെങ്കില്‍ എന്നേ പൊക്കിക്കൊണ്ടു പോയേനെ എന്നും ജി സുധാകരന്‍ പറഞ്ഞു. 

'ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയില്ല. അന്ന് ഒരു അഴിമതിയും നടന്നിട്ടില്ല. പിന്നീട് ആ വകുപ്പ് കടന്നപ്പളളിക്ക് കൊടുത്തു. ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് എന്‍എസ്എസ് പോലും പിന്തുണച്ചു. ഒരു സമുദായ നേതാവിനെയും പോയി കാണേണ്ടിവന്നിട്ടില്ല. അയ്യപ്പനെപ്പോലും സുരക്ഷിതമായി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലമാണ്. രാഷ്ട്രീയ സംരക്ഷണമില്ലായിരുന്നുവെങ്കില്‍ എന്നേ പൊക്കിക്കൊണ്ട് പോയേനെ. അയ്യപ്പന്റെ വിഗ്രഹം കൂടി കൊണ്ടുപോയേനെ. ഞാന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ഇതെല്ലാം അവസാനിപ്പിച്ചതാണ്. അന്ന് ഒരു ഏടാകൂടവും ഉണ്ടായിട്ടില്ല': ജി സുധാകരന്‍ കൂട്ടിച്ചേർത്തു.

Content Highlights: Sabarimala gold-plated saree controversy: KC Venugopal MP demands CM's reply

To advertise here,contact us