കൊല്ലം: പൊലീസുകാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ സർക്കുലർ ഇറക്കി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ. പൊലീസുകാർ അഡ്മിൻമാരായ വാട്സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങൾ തേടിയാണ് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ സർക്കുലർ ഇറക്കിയത്. അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിക്കണമെന്ന് സര്ക്കുലറില് പറയുന്നുണ്ട്.
ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അഡ്മിനോ മെമ്പറോ ആയി ഉൾപ്പെട്ടിട്ടുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ നിർബന്ധമായും ശേഖരിക്കേണ്ടതാണ്. അങ്ങനെയുള്ളവർ ഇക്കാര്യം വ്യക്തമാക്കി ഡിക്ലറേഷന് ഫോം ഓരോ ഉദ്യോഗസ്ഥനിൽ നിന്നും പൂരിപ്പിച്ച് വാങ്ങി റെക്കോർഡുകൾ സഹിതം സൂക്ഷിക്കണമെന്ന് നിർദേശത്തിലുണ്ട്.
സർക്കുലറിനെതിരെ സേനയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. എന്തിനാണ് ഇത്തരമൊരു നീക്കമെന്ന് വ്യക്തമല്ലെന്നാണ് ഇവർ പറയുന്നത്. സ്വകാര്യതയിലേക്ക് കടന്നുകയറുന്ന നീക്കമാണിത് എന്നതാണ് ഉയരുന്ന പ്രധാന വിമർശനം.
Content Highlights: Kollam City Police Commissioner issues circular to collect personal information of police officers