തിരുവനന്തപുരം: ലോകസ്ഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരായ കൊലവിളിയില് പ്രതികരണവുമായി എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് എം പി. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് ഇതെന്നും ഗുരുതരമായ ക്രിമിനല് കുറ്റമാണെന്നും കെ സി വേണുഗോപാല് ഫേസ്ബുക്കിൽ കുറിച്ചു.
'പരസ്യമായി ടെലിവിഷന് ചാനലില് വന്നിരുന്ന് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി മുഴക്കിയിരിക്കുകയാണ് ബിജെപി നേതാവ്, അതും കേരളത്തില്. രാഹുല് ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കാനായി കാത്തിരിക്കുന്ന സംഘപരിവാറിന്റെ ദംഷ്ട്രകളുള്ള മുഖമാണ് ഒരിക്കല്ക്കൂടി ഇവിടെ വെളിവാകുന്നത്. ഇവിടെ കൊലവിളി നടത്തിയിരിക്കുന്നത് ബിജെപിയുടെ സംസ്ഥാന വക്താവാണ്. മഹാത്മാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച നാഥുറാം ഗോഡ്സെയുടെ മാനസിക നിലയില് നിന്ന് ഇന്നേവരെ കരകയറിട്ടില്ലാത്ത സംഘപരിവാറിന്റെ മറ്റൊരു നാവാണിയാള്', കെ സി വേണുഗോപാൽ പറഞ്ഞു.
കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമത്രേ. പരസ്യമായി ടെലിവിഷൻ ചാനലിൽ വന്നിരുന്ന് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി മുഴക്കിയിരിക്കുകയാണ് ബിജെപി നേതാവ്. അതും കേരളത്തിൽ. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണത്. അത്യന്തം ഗുരുതരമായ ഒരു ക്രിമിനൽ കുറ്റകൃത്യം.
രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കാനായി കാത്തിരിക്കുന്ന സംഘപരിവാറിന്റെ ദംഷ്ട്രകളുള്ള മുഖമാണ് ഒരിക്കൽക്കൂടി ഇവിടെ വെളിവാകുന്നത്. ഇവിടെ കൊലവിളി നടത്തിയിരിക്കുന്നത് ബിജെപിയുടെ സംസ്ഥാന വക്താവാണ്. മഹാത്മാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച നാഥുറാം ഗോഡ്സെയുടെ മാനസിക നിലയിൽ നിന്ന് ഇന്നേവരെ കരകയറിട്ടില്ലാത്ത സംഘപരിവാറിന്റെ മറ്റൊരു നാവാണിയാൾ. ഇതേ ആഗ്രഹം പേറുന്ന മറ്റ് സംഘപരിവാർ, ബിജെപി നേതാക്കൾ നിയമത്തെ ഭയന്ന് നിശബ്ദത പാലിക്കുന്നുവെന്ന് മാത്രം. അത്ര കണ്ട് ഭയപ്പെടുന്നുണ്ട്, ആശങ്കപ്പെടുന്നുണ്ട്, അസ്വസ്ഥപ്പെടുന്നുണ്ട്, അവർ രാഹുൽ ഗാന്ധിയെന്ന പ്രതിപക്ഷ നേതാവിനെ.
ഇവിടെ വേണ്ടത് മാതൃകാപരമായ നിയമനടപടിയാണ്. ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട്, രാജ്യത്തിന്റെ നിയമ നിർവഹണ സംവിധാനത്തെ പരിഹസിച്ചുകൊണ്ട് ബിജെപി നേതാവ് നടത്തിയ കൊലവിളിയിൽ അടിയന്തരമായി കേസെടുക്കുകയായിരുന്നു കേരളാ പൊലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ആ കൊലവിളിക്ക് തുടർന്നും അനുവാദവും അംഗീകാരവും നൽകുക കൂടിയാണ് പിണറായി സർക്കാർ ഈ നിശബ്ദത കൊണ്ട് ചെയ്യുന്നത്. സ്വമേധയാ കേസെടുക്കാൻ തയ്യാറാകാത്ത പൊലീസ്, പരാതി ലഭിച്ചിട്ടും കണ്ണടച്ചിരിക്കുന്നത് എന്തെങ്കിലും നിർദേശത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണം.
മറ്റൊന്ന് ബിജെപി നേതൃത്വത്തോടാണ്. ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനെതിരെയാണ് നിങ്ങളുടെ കൂട്ടത്തിലൊരാൾ കൊലവിളി നടത്തിയിരിക്കുന്നത്. പാർട്ടിയിൽ നിന്ന് അയാളെ പുറത്താക്കാനുള്ള ആർജവം ഉണ്ടോയെന്ന് ഇവിടെ നിങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെയുണ്ടായില്ലെങ്കിൽ അതിനർത്ഥം 'ഗോഡ്സെ'യുടെ പൈതൃകം നിങ്ങളിൽ ശേഷിക്കുന്നുവെന്ന് തന്നെയാണ്. ഇത്തരം വിദ്വേഷ പ്രചാരകർക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തെഴുതിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് സിആർപിഎഫ് തന്നെ പലതവണ അമിത്ഷായ്ക്ക് കത്തുകൾ എഴുതിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ഇത്തരം വിദ്വേഷ പ്രചരണങ്ങളെ നിസ്സാരമായി കാണാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഇത് രാഹുൽ ഗാന്ധിയെ ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.
ഒരു ടെലിവിഷന് ചാനല് ചര്ച്ചയ്ക്കിടെ പരസ്യമായി രാഹുല് ഗാന്ധിക്കെതിരെ കൊലവിളി നടത്തുകയായിരുന്നു ബിജെപി വക്താവ് പ്രിന്റു മഹാദേവ്. രാഹുല് ഗാന്ധിയുടെ നെഞ്ചില് വെടിയുണ്ട വീഴുമെന്നായിരുന്നു ഇയാള് ചര്ച്ചയ്ക്കിടെ പറഞ്ഞത്. സംഭവത്തില് നാളെ ബിജെപിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോണ്ഗ്രസ്. ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടക്കുക.
സംസ്ഥാന നേതാക്കള് തിരുവനന്തപുരത്ത് പ്രതിഷേധത്തില് പങ്കെടുക്കും. കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, രമേശ് ചെന്നിത്തല അടക്കമുള്ളവര് പരിപാടിയില് പങ്കെടുക്കും. കൊലവിളി നടത്തിയ ബിജെപി വക്താവിനെതിരെ കേസെടുക്കണണെന്നാണ് ആവശ്യം.
Content Highlight; Printu Mahadav on Rahul Gandhi death threat; K C Venugopal reacts