ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം: മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സര്‍ക്കാര്‍; തലസ്ഥാനത്ത് വൻ ഒരുക്കങ്ങൾ

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് നടൻ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്

തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുക്കാൻ സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് വെച്ച് ശനിയാഴ്ചയാണ് മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിക്കുക. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെയും മോഹന്‍ലാലിന്റെയും സൗകര്യം നോക്കിയാണ് തീയതിയും സമയവും തീരുമാനിച്ചതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പങ്കുവെക്കാൻ സജി ചെറിയാന്‍ നാളെ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

സെപ്തംബര്‍ 23നാണ് മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. 'അഭിമാനകരമായ നിമിഷത്തിലാണ് നിൽക്കുന്നത്. മൊത്തം മലയാള സിനിമയ്ക്കുള്ള അംഗീകാരം…ഇത്തരമൊരു നിമിഷത്തെക്കുറിച്ച് താൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ', എന്നാണ് വേദിയിൽവെച്ച് മോഹൻലാൽ പറഞ്ഞത്.

കൂടാതെ, മോഹൻലാലിനെ അഭിനന്ദിച്ച് രാഷ്ട്രപതി സംസാരിക്കുകയും ചെയ്തു. വേദിയിൽ മോഹൻലാലിന്റെ നാടകമായ കർണഭാരത്തെകുറിച്ച് പരാമർശിച്ച രാഷ്ട്രപതി, മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും പറഞ്ഞു. വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നതെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.

Content Highlight: Kerala Government to honor Mohanlal

To advertise here,contact us