കായികപ്രേമികള്‍ക്ക് മെസിയെ കാണാന്‍ അവസരമൊരുക്കും; അത് സര്‍ക്കാര്‍ നല്‍കിയ വാക്ക്: വി അബ്ദുറഹിമാൻ

കേരളത്തിലേക്ക് ഒരു ലെജന്റ് വരുമ്പോള്‍ കാണുകയെന്നത് ആവേശമാണ്. അത് ഫുട്‌ബോള്‍ ആവേശമാണെന്നും മന്ത്രി പറഞ്ഞു

മലപ്പുറം: അന്താരാഷ്ട്ര മത്സരത്തിനായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സജ്ജമാക്കുകയാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. അര്‍ജന്റീന ടീമിന്റെ അധികാരികള്‍ ഫീല്‍ഡിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും അന്താരാഷ്ട്ര മത്സരം കേരളത്തില്‍ നടക്കുകയെന്നത് സന്തോഷമുള്ള കാര്യമാണെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

മത്സരത്തിന് അനുയോജ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കാനുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. മറ്റുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉടന്‍ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരായ കായികപ്രേമികള്‍ക്ക് മെസിയെ കാണാന്‍ അവസരമൊരുക്കും. അത് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് ആണ്. അമ്പതിനായിരത്തില്‍ താഴെ ആളുകളെ മാത്രമാണ് ഗ്രൗണ്ടില്‍ ഉള്‍ക്കൊള്ളാനാവുകയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലേക്ക് ഒരു ലെജന്റ് വരുമ്പോള്‍ അവരെ കാണുകയെന്നത് ആവേശമാണ്. അത് ഫുട്‌ബോള്‍ ആവേശമാണ്. എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്ന തരത്തില്‍ പദ്ധതി ഒരുക്കുകയെന്നതാണ് പ്രധാനപ്പെട്ട കര്‍മ്മപദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേഡിയത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ട്. നിര്‍മ്മാണം തന്നെ വ്യത്യസ്ത മോഡലിലാണ്. അത് പലര്‍ക്കും അറിയില്ല. എന്‍ഐടി പരിശോധനയിലാണ് അത് മനസ്സിലായത്. ബ്ലാസ്റ്റേര്‍സിന്റെ മത്സരത്തിനായി 35000 ആളുകള്‍ക്കായി പരിമിതപ്പെടുത്തുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. സ്റ്റേഡിയത്തിലെ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും വിലയിരുത്താനായാണ് അര്‍ജന്റീന മാനേജര്‍ മത്സരം നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലെ മത്സരം കൊച്ചിയില്‍ നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. നേരത്തെ മെസ്സിയും സംഘവും കേരളത്തിലേക്ക് വരുമെന്ന കാര്യം അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത നല്‍കിയിരുന്നില്ല. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാല്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: Sports fans will be given the opportunity to meet Messi Said v abdurahiman

To advertise here,contact us