കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം;ഷാജഹാൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി,പൊലീസ് സ്റ്റേഷന് മുന്നിൽ CPIM പ്രതിഷേധം

ചോദ്യം ചെയ്യലിന് ഹാജരായ ഷാജഹാനെതിരെ ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധം നടത്തി

കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവയിലാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍ നടന്നത്. വിവാദ വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് അന്വേഷണ സംഘം പിടിച്ചെടുത്തു. കെ ജെ ഷൈനിൻ്റെ പേര് വീഡിയോയിൽ പരാമർശിച്ചിട്ടില്ലയെന്ന് ഷാജഹാൻ പൊലീസിനോട് വ്യക്തമാക്കി.

ചോദ്യം ചെയ്യലിന് ഹാജരായ ഷാജഹാനെതിരെ ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധം നടത്തി. 'പരനാറി' മുദ്രാവാക്യവുമായാണ് സിപിഐഎം പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. ഷാജഹാൻ കയറിയ ഓട്ടോറിക്ഷയും പ്രവർത്തകർ തടഞ്ഞു. പുതിയതൊന്നും പറയാനില്ലെന്നും മുൻപ് പറഞ്ഞ കാര്യങ്ങൾ തന്നെ അന്വേഷണ സംഘത്തോടും പറഞ്ഞുവെന്നും ഷാജഹാൻ പ്രതികരിച്ചു. മറ്റു കാര്യങ്ങളൊന്നും അറിയില്ലയെന്നും രേഖകളൊന്നും ചോദിച്ചിട്ടില്ലായെന്നും കെ എം ഷാജഹാൻ പറഞ്ഞു.

കേസില്‍ ഇന്നലെ ഹാജരാകാനായിരുന്നു കെ എം ഷാജഹാനും മറ്റൊരു പ്രതിയായ സി കെ ഗോപാലകൃഷ്ണനും നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇരുവരും ഹാജരായിരുന്നില്ല. ഇന്നലെ രാവിലെ 10 ന് ഗോപാലകൃഷ്ണനോടും 2 ന് മുന്‍പ് ഷാജഹാനോടും ഹാജരാകാനായിരുന്നു നിര്‍ദേശം. തിങ്കളാഴ്ച ഇരുവരുടെയും വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.

തങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഷാജഹാന്‍ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയില്‍ എംഎല്‍എമാരായ പി വി ശ്രീനിജന്‍, ആന്റണി ജോണ്‍, കെ ജെ മാക്‌സി എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. യൂട്യൂബിലൂടെ വാസ്തവ വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് എംഎല്‍എമാര്‍ പരാതി നല്‍കിയത്.

Content Highlight : Cyber ​​attack against KJ Shine; Shahjahan's interrogation complete

To advertise here,contact us